പൗരത്വ നിയമ ഭേദഗതിയിൽ ജനപിന്തുണ നേടാൻ ബിജെപി ആരംഭിച്ച ഗൃഹ സന്പർക്കത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ പ്രതിഷേധിച്ച പെണ്‍കുട്ടികൾ ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞു. സമീപവാസികളായ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നാണ്, കൊല്ലം സ്വദേശിനി സൂര്യ, ഉത്തർപ്രദേശ് സ്വദേശിനി ഹർമിത എന്നിവർ വീടൊഴിഞ്ഞത്. ഞായറാഴ്ച ഡൽഹി ലജ്പത് നഗറിൽ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രണ്ടു പെണ്‍കുട്ടികൾ അമിത് ഷായ്ക്കെതിരേ പ്രതിഷേധിച്ചത്. ഡൽഹിയിലെ ബിജെപി ശക്തികേന്ദ്രമായ ലജ്പത് നഗറിൽ പാർട്ടി പ്രവർത്തകരോടൊപ്പം ആദ്യ വീട് സന്ദർശിച്ചു പുറത്തിറങ്ങിയ അമിത് ഷാ, രണ്ടാമത്തെ വീട്ടിലേക്കു നടക്കവേ വഴിയിലുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന പെണ്‍കുട്ടികൾ വീടിന്റെ മട്ടുപ്പാവിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അമിത് ഷാ ഗോബാക്ക് എന്നു തുടർച്ചയായി മുദ്രാവാക്യം വിളിച്ചാണു പെണ്‍കുട്ടികൾ ഷായെയും ബിജെപി നേതാക്കളെയും ഞെട്ടിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബാനർ എഴുതി വീടിനു പുറത്ത് തുക്കിയിടുകയും ചെയ്തിരുന്നു.
അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതോടെ പെണ്‍കുട്ടികൾ താമസിക്കുന്ന വീടിനടുത്തേക്കു പോലീസ് ഓടിയെത്തിയെങ്കിലും വാതിൽ അകത്തുനിന്നു പൂട്ടിയതിനാൽ അവരെ നീക്കം ചെയ്യാനായില്ല. പെണ്‍കുട്ടികൾ പിൻവാങ്ങാതെ പ്രതിഷേധം തുടർന്നതോടെ, ഭാരത് മാതാ കീ ജയ് വിളികളുമായി ബിജെപി പ്രവർത്തകരും പ്രതിഷേധക്കാർക്കു നേരെ തിരിഞ്ഞു. ഒടുവിൽ വീടിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിൽ നിന്നു പിന്തിരിയാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് അടിയന്തരമായി വീട് ഒഴിയണമെന്ന് ഫ്ളാറ്റ് ഉടമ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികൾക്കെതിരെ ആക്രമണ സാധ്യത കണക്കിലെടുത്തു ഫ്ളാറ്റിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് മൂന്നു വീടുകൾ മാത്രം സന്ദർശിച്ച് അമിത് ഷാ വേഗം മടങ്ങി. ലജ്പത് നഗറിലെ സന്ദർശനം വെട്ടിച്ചുരുക്കി അമിത് ഷാ മടങ്ങുന്ന സമയത്ത് പെണ്‍കുട്ടികൾ വീണ്ടും മൂന്നാം നിലയിലെ ബാൽക്കണിയിൽ വന്നു നിന്നെങ്കിലും പ്രതിഷേധിച്ചില്ല.
Leave a Reply