സ്വന്തം ലേഖകൻ

ലണ്ടൻ : ആക്‌സിഡന്റ് ആൻഡ് എമർജൻസി (എ & ഇ) യൂണിറ്റിലെ അമിതമായജോലിഭാരം രോഗികളെ ബാധിക്കുന്നു. ഇതുമൂലം രോഗികൾക്ക് വളരെയധികം സമയം ആംബുലൻസിൽ തന്നെ കഴിയേണ്ടതായും വരുന്നു. അമിത ജോലിഭാരം മൂലം എ & ഇ യൂണിറ്റുകൾക്ക് രോഗികളെ ആശുപത്രിയിൽ സമയത്ത് എത്തിക്കാനും സാധിക്കുന്നില്ല. ശൈത്യ കാലത്തിന്റെ തുടക്കം മുതൽ ഈ പ്രശ്നം കണ്ടുവരികയാണ്. 81,012 രോഗികൾക്ക് കുറഞ്ഞത് അരമണിക്കൂറെങ്കിലും ആംബുലൻസ് ഉദ്യോഗസ്ഥരോടൊപ്പം കഴിയേണ്ടി വന്നു. കഴിഞ്ഞ വർഷം ഇത് 51711 ആയിരുന്നു. ഇത്തവണ 21,663 പേർക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടതായും വന്നുവെന്ന് കണക്കുകൾ വെളിവാക്കുന്നു. എൻ എച്ച് എസ് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതലാണിത്.

ശൈത്യകാലത്ത് രോഗങ്ങൾ വർധിച്ചതാണ് യൂണിറ്റുകളുടെ സമ്മർദ്ദം ഏറിയതിന് കാരണം. കൂടാതെ 999 എന്ന ആംബുലൻസ് നമ്പറിൽ ബന്ധപ്പെടാൻ ധാരാളം സമയവും വേണ്ടിവരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻ‌എച്ച്എസ് ട്രസ്റ്റിലാണ് ഈ ശൈത്യകാലത്ത് ഏറ്റവുമധികം താമസം നേരിട്ടത്. 2595 കേസുകൾ അരമണിക്കൂറോളം വൈകി. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം എ & ഇ യൂണിറ്റ്, 4 മണിക്കൂറിൽ വെറും 68.6% രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. ഇത് 95% ആയി ഉയരേണ്ടതുണ്ട്.

സേവനങ്ങളിൽ കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നത് സ്റ്റാഫുകളുടെയും കിടക്കകളുടെയും കുറവ് മൂലമാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ഇവയൊക്കെയും കൂടുതൽ ആവശ്യമാണെന്ന് അവർ അറിയിച്ചു. ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ എ & ഇ പ്രകടനത്തിൽ ഭയാനകമായ ഇടിവ് വെളിവാക്കുന്നുവെന്ന് കിംഗ്സ് ഫണ്ടിലെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മുറെ പറഞ്ഞു. ബോറിസ് ജോൺസന്റെ വാഗ്ദാനങ്ങൾ എല്ലാം ഉടൻ തന്നെ നടപ്പിലാക്കണമെന്ന് മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് ആവശ്യപ്പെട്ടു.