സ്വന്തം ലേഖകൻ
ലണ്ടൻ : ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി 2 വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമായി മാറും. ഏത് വിഷയത്തിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്ക് ജോലി ചെയ്യുവാനോ ജോലി അന്വേഷിക്കുവാനോ ഇതിലൂടെ സാധിക്കും. ലോകത്തിലെ തന്നെ തിളക്കമാർന്ന പ്രതിഭകളെ നിലനിർത്തുവാനും നിയമിക്കുവാനുമുള്ള പദ്ധതിയാണ് ഇതിലൂടെ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റവും ഇതിലൂടെ അവർ ലക്ഷ്യമിടുന്നുണ്ട്. ഏത് മേഖലയിലും കഴിവുള്ള കുട്ടികൾക്ക് പഠിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സർ ഡൊമിനിക് അസ്ക്വിത്ത് പറഞ്ഞു: “ബിരുദം പൂർത്തിയാക്കിയ ശേഷം യുകെയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് സന്തോഷകരമായ വാർത്തയാണ്. സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള മികച്ച അവസരമാണിത്. ലോകത്തിലെ മികച്ച ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമായ യുകെയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. കഴിഞ്ഞ വർഷം മാത്രം 42% വർദ്ധനവ് കാണപ്പെട്ടു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുകെ മാറുന്നുവെന്ന് ഉറപ്പാക്കാൻ ഈ പ്രഖ്യാപനം സഹായിക്കും.” കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ യുകെയിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് ഏറി വരികയാണ്.
2019 ജൂൺ വരെ ഏകദേശം 22000ത്തോളം വിദ്യാർത്ഥികൾ യുകെയിൽ എത്തി. കൂടാതെ, യുകെ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽ 96% പേരും വിജയിക്കുകയും ഉണ്ടായി. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത് ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം തുടങ്ങിയ പഠനമേഖലകളാണ്.
Leave a Reply