സമൂഹ മാധ്യമങ്ങളിൽ വൈറലാകുക എന്നത് പുത്തൻ തലമുറയുടെ ആഗ്രഹമാണ്. ലൈക്കിന് വേണ്ടി മാത്രം ഏതറ്റംവരെയും സാഹസവും ചെയ്യാൻ പുതുതലമുറ തയ്യാറാണ്. പുതിയ കാലത്തേ കുട്ടികളെ മാത്രം അടച്ചാക്ഷേപിക്കാൻ പറ്റില്ലായെങ്കിലും കുടുതലും സാഹസത്തിന് മുതിരുന്നത് പുതിയ തലമുറ തന്നെയാണ്. നാലാളറിയാനും ലൈക്കുകൾ വാരി കുട്ടനും ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ചെറുതല്ല. ഇതിനു സഹായിക്കുന്ന നിരവധി അപ്പ്ലിക്കേഷനുകളും ഇന്ന് സുലഭമാണ്. എന്തെങ്കിലും വ്യത്യസ്തമായി ഒന്ന് ചെയ്ത് ഇവയിൽ പോസ്റ്റ് ചെയ്താൽ മതി സമൂഹത്തിൽ നാലാൾ അറിയുന്ന തരത്തിൽ എത്തിപ്പെടാം. ഈ ചിന്ത പലപ്പോഴും വലിയ അപകടങ്ങളിലേക്കും അബദ്ധങ്ങളിലേക്കും കൊണ്ട് ചെന്നെത്തിക്കുകയാണ് പതിവ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നതും. സമൂഹ മാധ്യമങ്ങളിൽ വീരപരിവേഷം ലഭിക്കാൻ വിദ്യാർത്ഥി മിനഞ്ഞുണ്ടാക്കിയത് സിനിമയെ വെല്ലും കഥ.
സോഷ്യൽ മീഡിയയെ ദുരുപയോഗിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണി കിട്ടും എന്നതിനുള്ള ഒന്നാന്തരം തെളിവായിരിക്കുകയാണ് കൊച്ചിയിലെ അലന്റെ അറസ്റ്റ്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് എറണാകുളം രവിപുരത്ത് ഏവിയേഷൻ കോഴ്സിനു പഠിക്കുന്ന അലനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
അലൻ സോഷ്യൽ മീഡിയ വഴി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു . നടക്കാത്ത ഒരു സംഭവം നടന്നതായി പ്രചരിപ്പിക്കുകയാണ് അലൻ ചെയ്തത് . കൊച്ചി റേഞ്ച് ഐജി യുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. അലന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് പിന്നീട് ജാമ്യത്തിൽ വിട്ടത്. കേസ് എടുത്തതിനു പുറമേ താക്കീതും നൽകി. ആളുകളെ പരിഭ്രാന്തരാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും അസിസ്റ്റന്റ്റ് കമ്മിഷണർ പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നായക പരിവേഷത്തോടെ നേരിടുകയും ഇടിച്ച് മൂക്ക് തകർക്കുകയും ചെയ്തു എന്നാണ് അലൻ വാട്സ് അപ്പ് സന്ദേശത്തിൽ പറഞ്ഞത്. പട്ടാപ്പകൽ കൊച്ചിയിൽ ട്രെയിനിൽ പീഡനമെന്നോ എന്നും ചോദ്യം ഉയർന്നു. ഇതോടെ റെയിൽവേ പൊലീസും വെട്ടിലായി . അവരും അന്വേഷണം തുടങ്ങി. പക്ഷെ പരാതിക്ക് ആസ്പദമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ റെയിൽവേ പൊലീസിനും കഴിഞ്ഞില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അലന്റെ മെസ്സേജ് പരന്നതോടെ തന്നെ കൊച്ചി സെൻട്രൽ പൊലീസ് അലനെ തിരക്കി ഇറങ്ങിയിരുന്നു.
തുടർന്നാണ് അലന് പിടിവീണത്. തൃശൂർ ആളൂർ സ്വദേശി അലൻ രവിപുരത്താണ് ഏവിയേഷൻ കോഴ്സിനു പഠിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ സന്ദേശത്തിൽ വെളിപ്പെടുത്തിയത് . ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40-45 വയസ് പ്രായമുള്ള മധ്യവയസ്ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി.
ഈ സമയം മധ്യവയസ്ക്കൻ പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ തന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു.വിശ്വസനീയത കലർന്ന സ്വരത്തിൽ അലൻ വിവരിക്കുന്നു. കേസിൽ നിന്ന് തനിക്ക് രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയെയോ മറ്റു സാക്ഷികളെയോ ഹാജരാക്കണം.
പെൺകുട്ടി ആരെന്നു തനിക്കറിയില്ല. കേസിൽ കുടുങ്ങിയാൽ പാസ്പോർട്ട് ഉൾപ്പെടെ തടഞ്ഞു വയ്ക്കാൻ സാധ്യത ഏറെയാണ്. ഈ പെൺകുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയ സഹായിക്കണം-വീര പരിവേഷത്തോടെയുള്ള വിവരണത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലുള്ള അലന്റെ വിവരണം ഇങ്ങനെയായിരുന്നു . ഈ സന്ദേശം വൈറൽ ആയതോടെ വെട്ടിലായത് റെയിൽവേ പൊലീസും സെൻട്രൽ പൊലീസുമാണ്. സംഭവം സത്യമാണോ എന്നറിയാൻ പൊലീസ് അന്വേഷണവുമായി ഇറങ്ങി. റെയിൽവേ പൊലീസും അന്വേഷണത്തിൽ ചേർന്ന് . തുടർന്നാണ് അലനെ പൊലീസ് പിടിയത് . ചോദ്യം ചെയ്തതോടെ അലൻ കുറ്റമേൽക്കുകയായിരുന്നു . സന്ദേശം വ്യാജമാണെന്ന് അലൻ സമ്മതിച്ചു. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അലൻ മൊഴി നൽകി.
സമൂഹമാധ്യമത്തിൽ താരപരിവേഷം ലഭിക്കാൻ വേണ്ടിയാണ് താൻ പോസ്റ്റിട്ടതെന്ന് അലൻ സമ്മതിച്ചു. ഇതോടെ സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ബന്ധുക്കളെ വിളിച്ചു വരുത്തി. രാത്രിയോടെ മജിസ്ട്രേട്ടിന് മുൻപിൽ ഹാജരാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ആയതിനാൽ ആണ് അലന് ലഭിച്ചത് . സോഷ്യൽ മീഡിയാ ഭ്രാന്ത് മൂത്ത് വീരപരിവേഷം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള പാഠമാണ് ഈ വാർത്ത. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇറങ്ങി പുറപ്പെടും മുൻപ് ഒന്നോർക്കുക വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. സ്വന്തം ജീവിതം ഇരുമ്പഴിക്കുള്ളിൽ നശിപ്പിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം തന്നെയാണ്.
	
		

      
      



              
              
              




            
Leave a Reply