സ്വന്തം ലേഖകൻ
തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും.
ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്.”
ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.
Leave a Reply