എത്രമാത്രം സുന്ദരിയായിരുന്നു അവള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാവ്. ഞങ്ങളുടെ എല്ലാമെല്ലാം. എന്നിട്ടും അവളെ കവര്‍ന്നെടുത്തില്ലേ. അതും ഒരു തെറ്റും ചെയ്യാതിരുന്നിട്ടും… നിങ്ങളുടെ പ്രവൃത്തി അങ്ങേയറ്റം ക്രൂരമായിപ്പോയി. ഒരു തരത്തിലും ന്യായീകരിക്കാനാവാത്തത്…’ ഡെക്‌ലാൻ എന്ന യുവാവിന്റെ വാക്കുകളില്‍ അയാള്‍ക്ക് സഹോദരിയോടുള്ള ഇഷ്ടം അടങ്ങിയിട്ടുണ്ട്. കുടുംബം മുഴുവന്‍ സ്നേഹിച്ചിരുന്ന യുവതിയോടുള്ള ഇഷ്ടക്കൂടുതലുമുണ്ട്. യുകെയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ഡെക്‌ലാനും കുടുംബവും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ആ മൊഴികളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ന്യൂസീലന്‍ഡിലെ വെല്ലിങ്ടണില്‍ കോടതിവിധി. ഡെക്‌ലന്റെ പ്രിയപ്പെട്ട സഹോദരി ഗ്രേസ് മിലാനെ ഒരൊറ്റ ദിവസത്ത പരിചയത്തിനൊടുവില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ കൊലയാളിക്ക് ജീവപര്യന്തം. 17 വര്‍ഷത്തെ ഇടവേളയില്ലാത്ത തടവ്.

ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ടതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൊലപാതകം. യുവതിയുടെ കൊലപാതകം ന്യൂസീലന്‍ഡിനെ ഞെട്ടിക്കാന്‍ കാരണമുണ്ട്. പൊതുവെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായാണ് ന്യൂസീലന്‍ഡ് പരിഗണിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും. എന്നാല്‍ എല്ലാ സുരക്ഷാ ധാരണയെയും തകിടം മറിക്കുന്നതായിരുന്നു 2018 ല്‍ നടന്ന 28 വയസ്സുകാരിയുടെ കൊലപാതകം. രണ്ടു വര്‍ഷമായി കൊലപാതകത്തിന്റെ വിധി അറിയാന്‍ രാജ്യം കാത്തിരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സുപ്രധാന നിരീക്ഷണങ്ങളോടെ കോടതി വിധി എത്തിയത്.

ജന്‍മദിനത്തിന്റെ അന്നാണ് ഗ്രേസ് മിലാന്‍ ന്യൂസിലന്‍ഡില്‍വച്ച് അപ്രത്യക്ഷയാകുന്നത്. അതിനും ഏതാനും ദിവസം മുമ്പാണ് അവര്‍ ന്യൂസീലന്‍ഡില്‍ എത്തുന്നത്. സര്‍വകലാശലയില്‍നിന്ന് ബിരുദം നേടിയതിനുശേഷം ലോകപര്യടനം നടത്തുകയായിരുന്നു മിലാന്‍. മരിക്കുന്ന ദിവസം വൈകിട്ടാണ് മിലാന്‍ തന്റെ കൊലയാളിയെ പരിചയപ്പെടുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ അതിനു മുമ്പു തന്നെ അവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പരിചയപ്പെട്ട ദിവസം ഇരുവരും കൂടി ഏതാനും ബാറുകള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടോടുകൂടി യുവാവിന്റെ ഫ്ലാറ്റിലേക്കു പോയി. അതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരൂഹമായ കൊലപാതകം നടന്നത്.

യുവതിയുടെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു ആദ്യം യുവാവിന്റെ നിലപാട്. സെക്സ് ഗെയിമില്‍ ഏര്‍പ്പെടുന്നതിനിടെ, യുവതി യാദൃഛികമായി കൊല്ലപ്പെട്ടതാണെന്നായിരുന്നു മൊഴി. പക്ഷേ, കേസ് കോടതിയില്‍ വന്നപ്പോള്‍ ജൂറി ഏകകണ്ഠമായി ആ മൊഴി തള്ളിക്കളഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞ നവംബറിലായിരുന്നു അത്. അസാധാരണായ ഒരു വിധിന്യായത്തിലൂടെ യുവാവിന്റെ പേര് പരസ്യമാക്കരുതെന്നും ജഡ്ജി സൈമണ്‍ മൂര്‍ അന്നുതന്നെ ഉത്തരവിട്ടിരുന്നു. എന്തുകൊണ്ടാണ് യുവാവിന്റെ പേര് പരസ്യമാക്കാത്തതെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. ‌പരിചയമില്ലാത്ത നഗരത്തില്‍ വന്ന യുവതി ഒരു അപരിചിതനെ പൂര്‍ണമായി വിശ്വസിച്ചിട്ടും യുവാവിന് ആ വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങള്‍ ശക്തനാണ്. സ്വാധീനമുള്ളവനാണ്. ആ യുവതിയോ ദുര്‍ബലയും നഗരത്തിനു തന്നെ അപരിചിതയും-ജഡ്ജി യുവാവിനെ ഓര്‍മിപ്പിച്ചു. യുവതി കൊല്ലപ്പെട്ടതിനുശേഷവും യുവാവിന്റെ പെരുമാറ്റത്തില്‍ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മിലാന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അയാള്‍ പകര്‍ത്തി. അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ചു. ഡേറ്റിങ് സൈറ്റിലൂടെ മറ്റൊരു ഇരയെ കണ്ടെത്താനുള്ള പരിശ്രമവും തുടങ്ങി- കോടതി ചൂണ്ടിക്കാട്ടി.

ജീവപര്യന്തം ശിക്ഷ എന്നാല്‍ ന്യൂസിലന്‍ഡില്‍ സാധാരണ 10 വര്‍ഷമാണ്. എന്നാല്‍ ഈ കേസില്‍ പ്രതി 17 വര്‍ഷം തന്നെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുമുണ്ട്. ഒരു സാഹചര്യത്തിലും ശിക്ഷാവിധി കുറയ്ക്കരുതെന്ന് കോടതി പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.

യുകെയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി കൊടുക്കുമ്പോഴും മിലന്റെ അമ്മ മകളുടെ ചിത്രം നെഞ്ചോടു ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു. തനിക്ക് നഷ്ടപ്പെട്ടത് ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് ആ അമ്മ വിലപിച്ചു. കേസിന്റെ വിചാരണ ന്യൂസിലന്‍ഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരയെ ക്രൂരമായി വിചാരണ ചെയ്തതാണ് വിവാദത്തിനു കാരണമായത്. മിലാന്റെ വഴിവിട്ട ലൈംഗിക താല്‍പര്യങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു വിചാരണയില്‍ എതിര്‍ഭാഗത്തിന്റെ വാദം. ഇതിനെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവരികയും ചെയ്തു.