വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരംഭിച്ച സംഘർഷത്തിൽ നൂറ്റി അമ്പതോളം പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ. 48 പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മരിച്ച എഴ് പേരിൽ ഒരാളും പോലീസുകാരനാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രിയും തുടർന്ന സംഘർഷങ്ങളുടെ തുടർച്ചായി പല മേഖകളിലും ഇപ്പോഴും സംഘർഷഭരിതമായി നിലനിൽക്കുകയാണ്. ജനങ്ങൾ ചേരി തിരിഞ്ഞ് എറ്റുമുട്ടുന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഹിന്ദു ഭൂരിപക്ഷ മേഖലകളിലേക്കും തിരിച്ചും മറ്റ് വിഭാഗങ്ങളിൽ പെട്ടവർക്ക് സഞ്ചരിക്കാൻ ആവുന്നില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കബീർ നഗറിലാണ് ഇന്ന് രാവിലെ സംഘർഷം റിപ്പോർട്ട് ചെയ്ത ഒരു പ്രദേശം. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടാവുകയായിരുന്നു.
അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എംഎൽഎമാരുടെ യോഗം വിളിച്ച് കേജ്രിവാളും വിഷയം ചർച്ച ചെയ്യും.
അക്രമത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും കേജ്രിവാൾ ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഉണ്ടായ സംഘര്‍ഷം കേന്ദ്ര സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. ഈ പശ്ചാത്തലാണ് അമിത് ഷാ ഇടപെടൽ ശക്തമാക്കുന്നത്.
അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം സർക്കാറിനുള്ള തലവേദന വ്യക്തമാകുന്നതാണ്. ഏത് പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി സംഘർഷങ്ങളോട് പ്രതികരിച്ചത്. സമാധാനപരമായ സമരങ്ങള്‍ക്ക് രണ്ട് മാസത്തോളം സര്‍ക്കാര്‍ അവസരം നല്കി. എന്നാൽ അക്രമം അനുവദിക്കാന്‍ ആകില്ല. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, ഡൽഹിയിലെ സംഘർഷത്തെ കുറിച്ച് നാലെ പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇന്ന് കോടതിയിൽ സംഘർഷം പരാമർശിക്കപ്പെട്ടപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. അതേസമയം, ,സംഘർഷമേഖലയിലക്ക് കൂടുതൽ കേന്ദ്ര സേനയെ നിയോഗിച്ചു. 35 കമ്പനി കേന്ദ്ര സേനയെയാണ് സംഘർഷ ബാധിത സ്ഥലത്തേക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ട് കമ്പനി ദ്രുത കർമ്മ സേനെയെ ഇതിനോടകം സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
Leave a Reply