തയ്യിൽ സ്വദേശിയായ പിഞ്ചുകുഞ്ഞിനെ അമ്മ കടൽത്തീരത്തെ പാറക്കെട്ടിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. അറസ്റ്റിലായ ശരണ്യയുടെ കാമുകൻ, കൊലപാതകത്തിനു തലേന്നു വൈകിട്ടു ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വലിയന്നൂർ സ്വദേശിയായ കാമുകനെ ഇന്നു വീണ്ടും പൊലീസ് ചോദ്യം ചെയ്യും.
ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപു കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിർബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു ആദ്യമൊഴി. കൊലപാതകത്തിന്റെ പ്രേരണയിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടെന്ന ഒരു സൂചനയും പൊലീസിനു ലഭിച്ചിരുന്നില്ല.
എന്നാൽ, കൊലപാതകത്തലേന്ന് ഇയാളെ സംശയകരമായ സാഹചര്യത്തിൽ ശരണ്യയുടെ വീടിനു സമീപം കണ്ടെന്ന അയൽവാസിയുടെ മൊഴിയാണു വിശദമായ മൊഴിയെടുപ്പിനു പൊലീസിനെ പ്രേരിപ്പിച്ചത്. തുടർന്നു നോട്ടിസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തലേന്നു ശരണ്യയെ കാണാൻ പോയിരുന്നതായി കാമുകൻ സമ്മതിച്ചു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട രേഖ കൈമാറാനായിരുന്നു കൂടിക്കാഴ്ചയെന്നാണു പുതിയ മൊഴി.
ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഇന്നു ശരണ്യയെയും കാമുകനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണു പൊലീസിന്റെ ആലോചന. ശരണ്യയെ 7 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 17നു രാവിലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിന്റെയും മകൻ വിയാനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ, കാമുകനൊപ്പം ജീവിക്കാൻ തടസ്സമാകുമെന്നു കരുതി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണു കേസ്.
Leave a Reply