നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പിൻ്റെ നടപടി പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു. ആലുവ അശ്വതി തീയറ്റേഴ്‌സിന്റെ വണ്ടിക്കാണ് കനത്ത പിഴ ചുമത്തിയത്. ബോര്‍ഡിന്റെ നീളം അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് ഉദ്യോഗസ്ഥ പിഴ കണക്കാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനമാണ് ഉയരുന്നത്.

വനിതാ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് യാത്രക്കിടയില്‍ വാഹനം പിടികൂടിയ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കിയത്. വനിതാ ഇന്‍സ്‌പെക്ടര്‍ വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവര്‍ത്തകര്‍ ചോദിക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ മറ്റൊരാള്‍ അല്‍പ്പം ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഇതിനോടെല്ലാം സൗമ്യമായാണ് ഓഫിസര്‍ പ്രതികരിക്കുന്നതെന്നും വീഡിയോയിൽ കാണാം.

നിരവധി പ്രമുഖ നാടകപ്രവര്‍ത്തകരെല്ലാം മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്‌നമാണ് ഇത് എന്നാണ് നാടകപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജു രംഗത്തത്തി.

ഡോ ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡ് അല്‍പ്പം വലുപ്പം കൂടുതല്‍ ആണത്രേ..ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോര്‍ഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തില്‍ കാണാം. നാടക വണ്ടിയില്‍ നാടക സമിതിയുടെ ബോര്‍ഡ് വെച്ചത് ഏതാനും സെന്റീമീറ്റര്‍ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനല്‍ കുറ്റത്തിന് ആ നാടക കലാകാരന്മാര്‍ക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരു പോലെ ആകണം. സര്‍ക്കാര്‍ വാഹനത്തില്‍ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളില്‍ വിടാനും, വീട്ടുകാര്‍ക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോള്‍ഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണം. പറഞ്ഞാല്‍ ഒത്തിരി കാര്യങ്ങള്‍ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ…