സ്വന്തം ലേഖകൻ
ദക്ഷിണ കൊറിയ : ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾക്കനുസൃതമായി ക്രിപ്റ്റോകറൻസി നിയന്ത്രിക്കുന്നതിനുള്ള ബിൽ ദക്ഷിണ കൊറിയ പാസാക്കി. ക്രിപ്റ്റോകറൻസികളുടെയും എക്സ്ചേഞ്ചുകളുടെയും നിയന്ത്രണത്തിന് ഒരു ചട്ടക്കൂട് തീർക്കുകയാണ് ഇതിലൂടെ. വർഷങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട സാമ്പത്തിക വിവരങ്ങളുടെ റിപ്പോർട്ടിംഗും ഉപയോഗവും സംബന്ധിച്ച നിയമ ഭേദഗതി ദക്ഷിണ കൊറിയൻ ദേശീയ അസംബ്ലി ഏകകണ്ഠമായി പാസാക്കുന്നത്. ദക്ഷിണ കൊറിയയിൽ ക്രിപ്റ്റോകറൻസി പൂർണമായി നിയമപരമായി മാറിയിരിക്കുന്നു. പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഒപ്പുവെക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഇത് പ്രാബല്യത്തിൽ വരും. ആറുമാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും. ഭേദഗതി പാസാക്കിയത് ക്രിപ്റ്റോകറൻസി ട്രേഡിംഗിന്റെ ഔദ്യോഗിക പ്രവേശനത്തെയാണ് എടുത്തുകാട്ടുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ദേശീയ അസംബ്ലിയുടെ ദേശീയ നയസമിതി ഈ ഭേദഗതി പാസാക്കി. ആഗോള പണമിടപാട് നിരീക്ഷകരായ എഫ്എടിഎഫ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലും സേവന ദാതാക്കളിലും ഇത് ആന്റി മണി ലോണ്ടറിംഗ് (എഎംഎൽ) ബാധ്യതകൾ ചുമത്തുന്നു. ക്രിപ്റ്റോ ആസ്തികളെയും അനുബന്ധ സേവന ദാതാക്കളെയും കുറിച്ച് എഫ്എടിഎഫ് കഴിഞ്ഞ വർഷം ജൂണിൽ മാർഗനിർദേശവും നൽകിയിരുന്നു. ദക്ഷിണ കൊറിയ ഉൾപ്പെടെ എല്ലാ ജി 20 രാജ്യങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഈ വർഷം ആദ്യം നടന്ന ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ എഫ്എടിഎഫിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Leave a Reply