മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ന് രാവിലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജ്യോതിരാദിത്യ കണ്ടിരുന്നു. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ജ്യോതിരാദിത്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 17 എംഎല്‍എമാരും അപ്രത്യക്ഷരായത് വലിയ വിവാദമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ റിസോര്‍ട്ടിലാണ് 17 കോണ്‍ഗ്രസ് എംഎല്‍എമാര്‍. അതേസമയം ജ്യോതിരാദിത്യയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹത്തിന് പന്നിപ്പനിയാണ് എന്ന് കേൾക്കുന്നതായുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് പ്രതികരിച്ചത്.
ചാര്‍ട്ടേഡ് വിമാനത്തിലാണ് സിന്ധ്യ അനുകൂലികളായ 17 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടകയിലേയ്ക്ക് പറഞ്ഞത്. അതേസമയം നേരത്തെ പോയ 17 പേരെ കൂടാതെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂടി ജ്യോതിരാദിത്യക്കൊപ്പമുണ്ടെന്നാണ് സൂചന. ഇവരടക്കം 20 കോൺഗ്രസ് എംഎൽഎമാർ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. നിലവില്‍ 230 അംഗ നിയമസഭയില്‍ 120 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്. കോണ്‍ഗ്രസിന് 114 എംഎല്‍എമാര്‍. രണ്ട് ബി എസ് പി എംഎല്‍എമാരും ഒരു സമാജ് വാദി എംഎല്‍എയും നാല് സ്വതന്ത്രന്മാരും കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണക്കുന്നു. ഇതില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇപ്പോള്‍ റിസോര്‍ട്ടിലേയ്ക്ക് പോയിരിക്കുന്നത്. ബിജെപിക്ക് 107 എംഎല്‍എമാരാണുള്ളത്. രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. 17 എംഎല്‍എമാരും രാജി വച്ചാല്‍ സര്‍ക്കാര്‍ വീഴും.
മുഖ്യമന്ത്രി കമല്‍നാഥിന്റേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും ദിഗ് വിജയ് സിംഗിന്റേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് ഏറെക്കാലമായി മധ്യപ്രദേശ് കോണ്‍ഗ്രസിനെ ഉലച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരട് വലിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം കമല്‍നാഥിനെയാണ് പിന്തുണച്ചത്. 15 വര്‍ഷത്തെ ബിജെപിയുടെ തുടര്‍ച്ചയായ ഭരണം അവസാനിപ്പിച്ചാണ് 2018ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം വീണ്ടെടുത്തത്. മുൻ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ, 2019ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കുടുംബത്തിൻ്റെ കുത്തക മണ്ഡലവും സിറ്റിംഗ് സീറ്റുമായ ഗുണയിൽ പരാജയപ്പെടുകയായിരുന്നു.
മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയാണ് 2019 ലോക് സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജ്യോതിരാദിത്യ സ്ഥാനമൊഴിഞ്ഞിരുന്നു. ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ അടക്കം വിവിധ വിഷയങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട് തള്ളിക്കളഞ്ഞും മോദി സർക്കാരിൻ്റെ നിലപാടുകളെ പിന്തുണച്ചും ജ്യോതിരാദിത്യ രംഗത്തെത്തിയത് വിവാദമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിലപാടുകൾ ജ്യോതിരാദിത്യ പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ വർഷം കർണാടകയിലെ കോൺഗ്രസ് – ജെഡിഎസ് സർക്കാർ വീണതും ഇരു പാർട്ടികളുടേയും എംഎൽഎമാരുടെ കൂട്ടരാജിയെ തുടർന്നായിരുന്നു.
Leave a Reply