സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് 55 പേർ മരിച്ചതായി ഹെൽത്ത്‌ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ഇതോടെ 24 മണിക്കൂറിൽ 19 പേർ എന്ന കണക്കിലേക്ക് മരണനിരക്ക് ഉയർന്നു. ഹൗസ് ഓഫ് കോമ്മൺസിൽ നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ സെക്രട്ടറി ഈ കാര്യം വ്യക്‌തമാക്കിയത്. ബ്രിട്ടൻ ഈ കാലഘട്ടത്തിൽ നേരിട്ട ഏറ്റവും വലിയ ആരോഗ്യ ദുരന്തങ്ങളിലൊന്നാണ് കൊറോണ ബാധ എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനാണ് മുഖ്യ പ്രാധാന്യം നൽകുന്നതെന്നും, വൈറസ് വ്യാപനം തടയുവാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സഹായിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ സ്റ്റാഫുകളെയും, എൻഎച്ച്എസ് സ്റ്റാഫുകളെയും ഹെൽത്ത് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.

ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 1543 ആയി ഉയർന്നു. ആരോഗ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഗവൺമെന്റിന് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള അടിയന്തര ബിൽ ഉടൻ പാസാക്കുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആവശ്യമായ വെന്റിലേറ്റർ സംവിധാനങ്ങൾക്കായി നിർമ്മാണ കമ്പനികളോട് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, പബ്, തീയേറ്റർ എന്നിവിടങ്ങൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.വാർദ്ധക്യത്തിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദ്ദേശവും ആരോഗ്യ സെക്രട്ടറി നൽകി. നാല് മാസത്തേക്ക് അവർ വീടുകൾക്ക് പുറത്തിറങ്ങാതെ ഇരിക്കുകയാണ് ഉചിതം. സ്വയം ഐസോലേഷനിൽ വിധേയമാകാത്തവർക്കു ഫൈനുകളും നിശ്ചയിച്ചിട്ടുണ്ട്.