തോമസ് ചാക്കോ 

ലണ്ടൻ : കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായി വന്ന ഇന്ത്യൻ ഡോക്ടർമാർ ഓരോ യുകെ മലയാളികളുടെയും മനസ്സിൽ ഇടം നേടി കഴിഞ്ഞു .

യുകെയിൽ കൊറോണ വൈറസ് മൂലം ഉണ്ടായ  മരണം 104 കടന്നു . രോഗബാധിതരുടെ എണ്ണം 2626 ൽ എത്തിയിരിക്കുന്നു . ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു . വെള്ളിയാഴ്ചയോടു കൂടി യുകെയിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുവാൻ ഒരുങ്ങുന്നു . പരീക്ഷകൾ മാറ്റി വയ്ക്കാൻ ഒരുങ്ങുന്നു . വാടകയ്ക്ക് താമസിക്കുന്നവരെയും , ലോണെടുത്ത് വീട് വാങ്ങിയവരെയും സഹായിക്കാൻ നിയമനിർമ്മാണം നടത്താൻ യുകെ ഗവണ്മെന്റ് തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് പൗരന്മാരോട് യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു . രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോഴും യുകെയിൽ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്.

ഈ അവസരത്തിൽ ബ്രിട്ടണിൽ കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സംഘാടകരിൽ ഒരാളായ ബാല സജീവ് കുമാർ മുമ്പോട്ട് വച്ച പരസ്പര സഹായം എന്ന ആശയം നടപ്പിലാക്കുവാൻ ഇരുപതോളം ഇന്ത്യൻ ഡോക്ടർമാരാണ് ആദ്യം മുന്നോട്ട് വന്നിരുന്നത്. എന്നാൽ ഈ ഉദ്യമത്തിന്റെ നന്മയും , മഹത്വവും തിരിച്ചറിഞ്ഞു കൂടുതൽ ഡോക്‌ടർമാരും നഴ്‌സുമാരും ഇതിൽ പങ്കാളികളാകുവാൻ മുന്നോട്ട് വന്നു കഴിഞ്ഞു.

വൈദ്യ സഹായം ലഭിക്കാതെ ബ്രിട്ടനിൽ ഒരു മലയാളി പോലും മരണപ്പെടരുതെന്നും , ഡോക്ടറായ എന്റെ ഭർത്താവിനെ കൂടി നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമോ എന്നും ചോദിച്ചുകൊണ്ടാണ് മലയാളിയായ ഒരു ലേഡി ഡോക്ടർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലുള്ള ഏതൊരു ഇന്ത്യക്കാരനും , സൗജന്യമായി വിളിക്കാൻ സാധിക്കുന്ന 02070626688 (നെറ്റ്‌വർക്ക് നിരക്കുകൾ ബാധകം) എന്ന ഹെൽപ്പ് ലൈൻ ഫോൺ നമ്പർ ഒരുക്കികൊണ്ടാണ്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ കൊറോണ വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, സഹായത്തിന്റെ രൂപം, സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകി കഴിഞ്ഞാൽ ഇന്ത്യൻ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും മറ്റ് സഹായങ്ങൾ എത്തിക്കുവാനുമായിട്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്.

ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും , നഴ്‌സുമാരും അടങ്ങുന്ന ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ്  പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19  മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യാതെ രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്.

ഏതെങ്കിലും ഇന്ത്യൻ കുടുംബങ്ങൾ കൊറോണ രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ വീടുകളിൽ പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരെ അടിയന്തിരമായി സഹായിക്കാൻ യുകെയുടെ നാനാഭാഗങ്ങളിലുള്ള പ്രവർത്തകരെ കൂട്ടി ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. നിരവധി സന്മനസുകളാണ് ഇതിനോടകം  യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കാളികളാകുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് .

ഉണും ഉറക്കവുമില്ലാതെ യുകെ ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഡോക്ടര്മാരും നഴ്‌സുമാരും നടത്തുന്ന ഈ മഹനീയ കർമ്മങ്ങളെ നമ്മുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം . ലോകത്തോടൊപ്പം മരണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രിട്ടന് സഹായമായി മാറുവാൻ യുകെ മലയാളികളെ വരൂ നമ്മുക്കും ഈ സന്മനസുകൾക്കൊപ്പം കൈകോർക്കാം.