കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാതി, മത, സാമ്പത്തിക ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ലോകമെമ്പാടുമുള്ള എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണ വൈറസ് ഒരു ആഗോള പ്രതിസന്ധിയാണ്. മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വൈറസ് പടരാതിരിക്കാന്‍ വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ വൈറസ് വ്യാപനം തടയാന്‍ സാധ്യമല്ല, ഒന്നിച്ചു നിന്ന് അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അക്തര്‍ അഭ്യര്‍ഥിച്ചു.

കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ”പൂഴ്ത്തിവെയ്പ്പുകാര്‍ ഒന്ന് ദിവസവേതനക്കാരെ കുറിച്ച് ആലോചിക്കണം. കടകളെല്ലാം കാലിയാണ്. മൂന്നു മാസത്തിനപ്പുറം നമ്മളെല്ലാം ജീവനോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുണ്ടോ? ദിവസവേതനക്കാരെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരെങ്ങനെ കുടുംബം പുലര്‍ത്തും. മനുഷ്യരെ കുറിച്ച് ചിന്തിക്കൂ. ഹിന്ദുവോ മുസ്ലീമോ അല്ല മനുഷ്യനാകേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക. പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക”-അക്തര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ചൈനയെ വിമര്‍ശിച്ച് അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ കൊറോണ വ്യാപിക്കാന്‍ കാരണമായത് ചൈനക്കാരുടെ ഭക്ഷണ രീതിയാണ് എന്നായിരുന്നു അക്തറിന്റെ കുറ്റപ്പെടുത്തല്‍. ‘എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങള്‍ എന്തിനാണ് വവ്വാലുകളെ തിന്നുകയും അവയുടെ രക്തവും മൂത്രവും കുടിക്കുകയും ചെയ്യുന്നതെന്ന് അക്തര്‍ ചോദിച്ചിരുന്നു.