ലൈംഗികാതിക്രമ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റെയിന് കൊറോണ(കൊവിഡ്19) സ്ഥിരീകരിച്ചു. ന്യുയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ഫെസിലിറ്റിയില്‍ ഐസോലേനിലാണ് ഹാര്‍വി ഇപ്പോള്‍ ഉള്ളത്. ഹാര്‍വിയെ കൂടാതെ രണ്ട് തടവുകാരുടെ കൂടി കൊവിഡ് 19 പരിശോധനഫലം പോസിറ്റീവ് ആണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതെന്നും റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തടവിലുള്ളവര്‍ക്ക് കവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈന് ചെയ്തിട്ടുണ്ട്.
അതേസമയം ഹാര്‍വി വെയ്ന്സ്റ്റെയ്ന് കൊറോണ സ്ഥിരീകരിച്ച കാര്യം തങ്ങള അറിയിച്ചില്ലെന്നാണ് ഹാര്‍വിയുടെ അഭിഭാഷകന് പറയുന്നത്. ഹാര്‍വിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ അതീവ ഉത്കണ്ഠയിലാണെന്നും അഭിഭാഷകന് റോയിട്ടേഴ്സിനോട് പ്രതികരിച്ചിട്ടുണ്ട്. വെന്റേയിലേക്ക് മാറ്റുന്നതിനു മുമ്പ് ന്യൂയോര്‍ക്കില്‍ തന്നെയുള്ള റിക്കേഴ്സ് ഐലന്‍ഡിലെ ജയിലില്‍ ഹാര്‍വിയെ പാര്‍പ്പിച്ചിരുന്നു. അവിടെയുള്ള ഒരു ആശുപത്രിയില്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
ലോകമാകമാനം പ്രകമ്പനം കൊള്ളിച്ച മീ ടൂ കാമ്പയിന് തുടങ്ങുന്നത് ഹാര്‍വിക്കെതിരേയുള്ള ചലച്ചിത്ര നടിമാരുടെ ലൈംഗികാരോപണങ്ങളില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഹാര്‍വിക്കെതിരേ കേസ് എടുക്കുകയും കോടതി അദ്ദേഹത്തെ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയുമായിരുന്നു. 2019 മാര്‍ച്ച് 11 ന് ആയിരുന്നു ഹാര്‍വിയെ അറസ്റ്റ് ചെയ്യുന്നത്.നിരവധി സ്ത്രീകളാണ് ഹാര്‍വിക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തു വന്നത്. മലയാള ചലച്ചിത്രലോകത്ത് വരെ മീ ടൂ കാമ്പയിന് വലിയ പ്രതികരണം ഉണ്ടാക്കിയിരുന്നു.
Leave a Reply