ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകം മുഴുവൻ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. ഇന്ത്യയിലെയും യുകെയിലെയും പ്രധാനമന്ത്രിമാർ രാജ്യം മുഴുവൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 100 കോടി ജനങ്ങളാണ് വീടിനുള്ളിൽ സ്വയംപ്രഖ്യാപിത തടങ്കലിൽ ഉള്ളത്. ലോകമെങ്ങും കൊറോണാ വൈറസിനെതിരെ സർക്കാരുകൾ നടത്തുന്ന ജീവൻമരണ പോരാട്ടത്തിന് ഭാഗമായിട്ടാണിത് .
കൊറോണ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് ശമ്പളം നൽകാനുള്ള തീരുമാനം ബ്രിട്ടീഷ് സർക്കാർ എടുത്തിരുന്നു. യുകെയിൽ നിന്ന് വ്യത്യസ്തമായിട്ട് ഇന്ത്യയിലും പ്രവാസി മലയാളികൾ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലും ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. പ്രവാസി മലയാളികളിൽ കോവിഡ് -19 മൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ കുറച്ചൊന്നുമല്ല. ഇപ്പോൾതന്നെ മലയാളം ന്യൂസ് റൂമുമായി ബന്ധപ്പെട്ട് ഗൾഫ് മേഖലയിൽ ഉള്ളവർ പലരും ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കേണ്ടി വന്നതിന്റെ വൈഷമ്യങ്ങൾ പങ്കുവച്ചിരുന്നു. ഇവരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുകയും നാട്ടിലുള്ള കുടുംബങ്ങൾ പട്ടിണിയിലാവാൻ കാരണമാവുകയും ചെയ്യും.ഗൾഫ് വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ വളരെ ഗുരുതരമായി ബാധിക്കുന്നതാണ് ഗൾഫ് മേഖലയിലെ തൊഴിലിടങ്ങളിൽ കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി.
ലോക് ഡൗൺ ദിവസ വേതനക്കാരെയാണ് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത്. കാരണം അന്നത്തിനു വക തേടിയിരുന്നവരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്.കാര്യമായ സഹായം ഉണ്ടായിട്ടില്ലായെങ്കിൽ ലക്ഷക്കണക്കിന് ജീവിതങ്ങൾ മുന്നോട്ട് പോകുകയില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 21 ദിവസത്തെ ലോക് ഡൗൺ നീണ്ടു പോകുന്തോറും ജനങ്ങളുടെ വരുമാനത്തെ അത് സാരമായി ബാധിക്കുകയും ജീവിതം കൂടുതൽ ദുരിതത്തിലാവുകയും ചെയ്യും.
കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ബ്ലേഡ് മാഫിയ ഗ്രാമീണമേഖലയിൽ ഉൾപ്പെടെ പിടിമുറുക്കിയേക്കാം. കുറഞ്ഞ പലിശയ്ക്ക് ഉദാരമായി വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറാകണം. സ്വർണ്ണം ഈടു നൽകി കാർഷിക വായ്പ നൽകുന്നത് നിർത്തലാക്കിയ നടപടി ബാങ്കുകൾ പിൻവലിക്കണം. കൊള്ള പലിശക്കാരുടെ കരാളഹസ്തങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളി വിടാതിരിക്കാനുള്ള ബാധ്യത ഗവൺമെന്റിനും ബാങ്കുകൾക്കും ഉണ്ട്.
Leave a Reply