കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാര് വൃത്തങ്ങൾ. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആറ് ദിവസം പിന്നിടുമ്പോൾ നിലവിലെ 21 ദിവസ സമയ പരിധിയിൽ നിന്നും നിയന്ത്രണങ്ങൾ ഉയർത്താൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി നൽകുന്ന സൂചന. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു ക്യാബിനറ്റ് സെക്രട്ടറി രാജീസ് ഗബ്ബയുടെ പ്രതികരണം.
‘ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണ്. നിലവിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ ഇപ്പോൾ പദ്ധതികളില്ല’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഞായറാഴ്ച പുറത്ത് വന്ന ഒടുവിലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1139 ആയി ഉയരുകയും ആകെ മരണം 27 ആവുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളും രാജ്യത്ത് ഉണ്ടാവുന്നുണ്ട്. ഈ സഹചര്യത്തിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കില്ലെന്ന പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണെന്നതും സംശയം ഉയർത്തുന്നുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 34931 ടെസ്റ്റുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നാട്ടിൽ രോഗികൾ കുറവാണ് എന്നത് ഒരു മിഥ്യാബോധം മാത്രമായി മാറാനുള്ള സാധ്യതയും ആരോഗ്യ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിലുള്ള അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ ഇവർ വ്യക്തമാക്കുന്നു.
Leave a Reply