ലണ്ടൻ ∙ മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈൽ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടർന്നു ടവറുകൾ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങൾ. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവർ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മിൽ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന സംഭവത്തിൽ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളിൽ പുതിയതും അപകടകരവുമാണു യുകെയിലേതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

സംഭവത്തിൽ പ്രതികരണവുമായി യുകെ സർക്കാരിലെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓൺലൈനിൽ 5ജി–കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതിൽ വിശ്വാസയോഗ്യമായ ഒന്നുമില്ല’– ഡിസിഎംഎസ് ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയ്ക്കിടയിൽ വീടിനകത്തു കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റും ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈൽ ഫോണുകൾ. ടവറുകൾക്ക് ആളുകൾ കൂട്ടത്തോടെ തീയിടുമ്പോൾ മൊബൈൽ സേവനം നിലയ്ക്കുകയും കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബർമിങ്ങാം, ലിവർപൂൾ, മെർസിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ദിവസം ബർമിങ്ങാമിൽ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആൾക്കൂട്ടം കത്തിച്ചിരുന്നു. പലയിടത്തും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്. ‘വിഡ്ഢിത്തമാണിത്, അപകടകരമായ മണ്ടത്തരം’ എന്നാണു ജനം ടവറുകൾക്കു തീയിടുന്നതിനെപ്പറ്റി ബ്രിട്ടിഷ് കാബിനറ്റ് ഓഫിസർ മിനിസ്റ്റർ മൈക്കിൾ ഗോവ് അഭിപ്രായപ്പെട്ടത്. 5ജി–കൊറോണ സിദ്ധാന്തം ശുദ്ധ അസംബദ്ധമാണെന്നും വ്യാജവാർത്ത സൃഷ്ടിക്കുന്ന അപകടത്തിന് തെളിവാണിതെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു.