അഖിൽ മുരളി
ദൈവപുത്രനായവതരിച്ചോരു
ദേവ, നിൻതിരുമുമ്പിൽ
വണങ്ങി ഞാൻ വരച്ചീടുന്നൊരു
കുരിശ്ശെൻ ഹൃത്തിലായ്.
മനുഷ്യജന്മങ്ങൾക്കു നേർവഴി-
യേകുവാൻ കുരിശ്ശിൽ തൻ
ജീവിതം ഹോമിച്ചയീശോ,
സ്നേഹസിംഹാസനമേകിടാം
നിനക്കായ്.
യീശാ നീ വഹിച്ചൊരു കുരിശ്ശു
നിന്നുടെ പാപത്തിൻ ഫലമോ?
ഇന്നുഞാനറിയുന്ന, തെന്നുടെ പാപ
ത്തിൻ അടയാളമല്ലോ.
സഹനമാർഗ്ഗത്തിലൂടെയരുളി നീ
നിത്യനിർമല ജീവിത കവാടത്തി-
ലേക്കൊരുനറു വെളിച്ചവും , ജന്മ
മഹത്വത്തിൻ പൊരുളിനാൽ
മാതൃകയേകിയ നിന്നോർമകൾ
കാൽവരിമലയിൽ സ്മരണയായു-
ർന്നിടും.
കാൽവരിക്കുരിശ്ശിൽപ്പിടഞ്ഞൊ-
രെൻ ദേവ, ഇന്നീ നൂറ്റാണ്ടിൽ
നിൻ മക്കൾ തേങ്ങുന്നു
മഹാവ്യാധിയാൽ.
ദുഃഖവെള്ളി, നിന്മേനി നോവേറ്റ
നൊമ്പരവേളക, ളിന്നറിയുന്നു
മഹാവ്യാധിയാൽ മാലോകരെന്നുമേ.
നാഥാ, മനുഷ്യനാൽ ശിക്ഷയേറ്റു
നീ കാൽവരിയിൽ,
കൈകൂപ്പിക്കേഴുന്നു ദേവ, ഞങ്ങളാൽ
ഞങ്ങൾ പീഢിതരാകുമീ
മരണഭയത്താൽ.
പെസഹാ വ്യാഴസ്മരണിയിൽ
ഭുജിക്കുന്നൊരപ്പവും,
കുരിശ്ശിൽ തറച്ചനിന്മേനിയു-
മിന്നൊരോർമ്മയായ് മാറവേ,
മഹാവ്യാധിയേറ്റു ഞാൻ കേഴവേ
ഉയർത്തെഴുന്നേറ്റുദിച്ചുയർന്നു നീ
മഹാമാരിയേയകറ്റിയരുളണേ
മഹാപ്രഭോ നിൻ ചൈതന്യമെന്നുമേ.
അഖിൽ മുരളി

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
ചിത്രീകരണം : അനുജ കെ
	
		

      
      



              
              
              




            
Leave a Reply