സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് രാജ്യം. തീവ്രപരിചരണ വിഭാഗത്തിൽ കൊറോണ വൈറസുമായി പോരാടുന്നതിനിടെ ബോറിസ് ജോൺസൺ മരണത്തോട് അടുത്തെത്തിയിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇന്നലെ രാത്രി വെളിപ്പെടുത്തി. അപകടനില തരണം ചെയ്തതിന് ശേഷം ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. “എൻഎച്ച്‌എസ് എന്റെ ജീവൻ രക്ഷിച്ചു ; എന്നെ ശുശ്രൂഷിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ജോൺസൻ പറഞ്ഞു. ഒരു ഘട്ടത്തിൽ ജോൺസന്റെ നില അതീവഗുരുതരം ആയിരുന്നു. ലോകരാഷ്ട്രങ്ങളുടെ തലവന്മാരും കാബിനറ്റ് മന്ത്രിമാരും സഹായികളും അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. ജോൺസൻ ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്റെ പ്രതിശ്രുതവധു കാരി സൈമണ്ട്സ് അവരുടെ കുഞ്ഞിന്റെ സ്കാൻ ഉൾപ്പെടെ ഒരു കത്ത് അദേഹത്തിന് എത്തിച്ചിരുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു: “നമ്മുടെ പ്രധാനമന്ത്രി സുഖം പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം പൂർണ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിശ്രമിക്കാനും സുഖം പ്രാപിക്കാനും അദേഹത്തിന് സമയവും സ്ഥലവും ആവശ്യമാണ്.”
അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിന്റെ (പിപിഇ) അഭാവം കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയായി മാറുന്നുണ്ട്. പിപിഇയുടെ അഭാവം കാരണം താൽക്കാലിക വസ്ത്രങ്ങൾ നിർമ്മിക്കാൻ ആശുപത്രി തിരശ്ശീലകൾ വരെ ആരോഗ്യപ്രവർത്തകർക്ക് മുറിക്കേണ്ടതായി വന്നു. എന്നാൽ 742 ദശലക്ഷത്തിലധികം പിപിഇ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പ്ലാസ്റ്റിക് കർട്ടനുകൾ കൊണ്ട് നിർമ്മിച്ച ആപ്രോണുകൾ ധരിച്ചാണ് ആരോഗ്യപ്രവർത്തകർ സ്വയം സുരക്ഷിതരാകുന്നത്. അടിസ്ഥാന കിറ്റിന്റെ അഭാവത്തിൽ എല്ലാ ഉദ്യോഗസ്ഥരും ആശങ്കാകുലരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്ക് മാസ്കുകൾ, കയ്യുറകൾ, ആപ്രോണുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ വിതരണം ചെയ്യുന്നതിന് കഠിനമായ ശ്രമം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഒപ്പം പിപിഇ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ പിപിഇ ദുരുപയോഗം ചെയ്യുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന പ്രസ്താവന റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) നിരസിച്ചു. ആരോഗ്യപ്രവർത്തകർ ആരും തന്നെ പിപിഇ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോന്ന കിന്നയർ അറിയിച്ചു.
ബ്രിട്ടനിൽ ഇന്നലെ മാത്രം 917 കോവിഡ് മരണങ്ങൾ ഉണ്ടായി. ഇതോടെ മരണസംഖ്യ 9,875 ആയി ഉയർന്നു. ഇന്നലെ 5233 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 80000ത്തിലേക്ക് ഉയർന്നു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലും ചൈനയെ ബ്രിട്ടൻ പിന്തള്ളും. 344 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. വെള്ളിയാഴ്ചത്തേക്കാൾ കേസുകളുടെ എണ്ണവും മരണസംഖ്യയും ഇന്നലെ കുറവാണെന്നത് ആശ്വാസം പകരുന്നു. ആഗോളതലത്തിൽ മരണസംഖ്യ 108,827 ആയി ഉയർന്നു. 18 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
Leave a Reply