കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം ചേര്‍ത്തെന്നെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ഷോപ്, റസ്റ്ററന്റ്, ബുക്സ്റ്റോര്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കി. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും കാര്‍,ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചതും ശരിയല്ല. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍ദേശങ്ങളില്‍ ലംഘനം വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഇളവുകള്‍ നല്‍കിയകില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം. ഗതാഗതത്തിന് അടക്കം പൊലീസ് നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് ഇളവുകളെന്ന് കലക്ടര്‍മാര്‍ പറയുന്നു. ഹോട്സ്പോട് സംബന്ധിച്ചും വൈകിവന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ ഘട്ടംഘട്ടമായി പ്രാബല്യത്തില്‍. കോവിഡ് 19 വ്യാപനത്തെ അടിസ്ഥാനമാക്കി കേരളത്തെ നാല് സോണുകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കുക. റെഡ്സോണിലുള്ള നാല് വടക്കന്‍ജില്ലകളിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഹോട്സ്പോട്ടുകളിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകളുണ്ടാകും.. അതേസമയം, ദേശീയപാതകളില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിച്ചു.

കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ തുടരുന്നതിനൊപ്പമാണ് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രണ്ട് ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. ഗ്രീന്‍സോണിലുള്ള ജില്ലകളായ ഇടുക്കിയും കോട്ടയവും ഒാറഞ്ച് ബി വിഭാഗത്തിലുള്ള തിരുവനന്തപുരം ആലപ്പുഴ, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലുമാണ് ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. ഇവിടെ പൊതുഗതാഗതവും വിദ്യാഭ്യാസസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

സര്‍ക്കാര്‍ ഒാഫീസുകളെല്ലാം തുറക്കും, ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഇടുക്കിയിലും കോട്ടയത്തും കടകള്‍ തുറക്കാം, തുണിക്കടകള്‍, ജുവലറികള്‍ എന്നിവക്കും ഈ രണ്ട് ജില്ലകളില്‍ തുറന്നു പ്രവര്‍ത്തിക്കാനാവും. ഗ്രീന്‍, ഒാറഞ്ച് ബി ജില്ലകളിലെല്ലാം അവശ്യസര്‍വീസുകള്‍ക്ക് പുറമെ, കൃഷി, മത്സ്യബന്ധനം, തോട്ടം മേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക് മാറും. കോടതികളും തുറക്കും. തൊഴിലുറപ്പിനും പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുവാദമുണ്ടാകും.

ഫോണ്‍, ഇന്റർനെറ്റ് സേവനദാദാക്കള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ചരക്ക് ഗതാഗതത്തിനും തടസ്സമില്ല. ലോഡിംങ് തൊഴിലാളികള്‍ക്കും ജോലിചെയ്യാം. റെസ്റ്ററന്‍റുകള്‍ക്കും ഭക്ഷണ ഡെലിവറി സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. വര്‍ക്ക്ഷോപ്പുകള്‍, സര്‍വീസ് സെന്‍ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും തുറക്കും. ഐടി, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഭക്ഷ്യസസ്ക്കരണ യൂണിറ്റുകള്‍, ഖനികള്‍, സൂക്ഷമ , ചെറുകിട സംരഭങ്ങള്‍ എന്നിവക്കും തുറക്കാം. ആഘോഷങ്ങളോ , മതചടങ്ങുകളോ, ആള്‍ക്കൂട്ടമോ അനുവദിക്കില്ല.. ഒാറഞ്ച് എ വിഭാഗത്തിലുള്ള പത്തനംതിട്ട, കൊല്ലം , എറണാകുളം കര്‍ശന നിയന്ത്രണങ്ങളോടെ ചെറിയ ഇളവുകള്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.

രോഗവ്യാപനം കുറക്കുന്നതിനൊപ്പം ഇളവുകളും നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കുക എന്ന അടുത്ത പരീക്ഷണഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്.