സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ ബാധിത മേഖലകളിൽ സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന അനേകം ഗാനങ്ങളും , വീഡിയോകളും പല മാധ്യമങ്ങളിലൂടെയും നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു . എന്നാൽ വർത്തമാന കാലത്തെ വേദനകളെ അർത്ഥവത്താക്കുന്ന വരികളുള്ള , ഹൃദയസ്പർശിയായ ഈണമുള്ള , ആർദ്രമായ ശബ്ദത്തോട് കൂടിയ ഒരു പുതിയ ഗാനം ഈ കൊറോണ കാലത്ത് നമ്മൾ കേട്ടിരുന്നോ എന്ന് ചോദിച്ചാൽ… ഇല്ല എന്ന് നിസംശയം പറയാം . യുകെ മലയാളികൾക്ക് സുപരിചിതനായ പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ മനോഹരമായ ഗാനത്തോടു കൂടിയ ഈ സ്വാന്തന വീഡിയോ ആൽബം ഏവരുടെയും കരളലിയിപ്പിക്കും.
മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ….. അവസാന ശ്വാസവും തീരുന്ന നേരത്തും , അരികത്തു നിൽക്കുന്ന ദൂതർ.. പതറല്ലേ , തളരല്ലേ , നിങ്ങൾ … എന്ന് തുടങ്ങുന്ന റോയി കാഞ്ഞിരത്താനത്തിന്റെ കാലത്തിനൊത്ത വരികൾക്ക് അതിമനോഹരമായ സംഗീതമാണ് ബിജു കൊച്ചുതെള്ളിയിൽ ഈ ആൽബത്തിനായി ഒരുക്കിയിരിക്കുന്നത് . കൊറോണ ബാധിച്ച് മരണപ്പെട്ട ഓരോ രോഗികളും തങ്ങളെ പരിചരിച്ച എല്ലാ ആരോഗ്യപ്രവർത്തകരോടും പറയുവാൻ ആഗ്രഹിച്ച നന്ദി വാക്കുകളാണ് റോയി കാഞ്ഞിരത്താനം ഈ ഗാനത്തിന് വരികളായി എടുത്തിരിക്കുന്നത് . ഈ വരികളുടെ അർത്ഥവും , വേദനയും ഉൾക്കൊണ്ടുകൊണ്ട് പീറ്റർ ചേരാനെല്ലൂരും മകൾ നൈദിൻ പീറ്ററും ആലപിച്ച ഈ ഗാനം വൻ ജനപ്രീതി നേടി കഴിഞ്ഞു. പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരിയും , യുകെ മലയാളികളുടെ അനുഗ്രഹീത ഗായിക അനു ചന്ദ്രയും ഈ വീഡോയോ ആൽബത്തെ ഇതിനോടകം ഹിറ്റ് ആൽബങ്ങളുടെ നിരയിൽ എത്തിച്ചു കഴിഞ്ഞു.
അനേകം നല്ല ഗാനങ്ങൾക്ക് രചനയും ഈണവും നൽകിയിട്ടുള്ള റോയി – ബിജു കൂട്ടുകെട്ടിന്റെ ഏറ്റവും നല്ല ഒരു കലാസൃഷ്‌ടിയായിട്ടാണ് ഈ ആൽബത്തെ വിലയിരുത്തപ്പെടുന്നത് . മലയാളം , ഹിന്ദി , തമിഴ് , കന്നഡ, ഇംഗ്ളീഷ് തുടങ്ങി ഭാഷകളിൽ ഈ ആൽബം ഉടൻ ഇറങ്ങുന്നതായിരിക്കും . അതോടൊപ്പം വിവിധ രാജ്യങ്ങളിലുള്ള അനേകം നല്ല ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട് . അയ്യായിരത്തോളം ഭക്തി ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും , ഹൃദയസ്പർശിയായ നല്ല ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ളതുമായ പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലുരും മകൾ നൈദിൻ പീറ്ററും , ദുബൈയിൽ നിന്നുള്ള ജോസ് ജോർജ്ജ് , കേരളത്തിൽ നിന്നും ജോജി കോട്ടയം , ഓസ്‌ട്രേലിയയിൽ നിന്നുള്ള ജോബി കൊരട്ടി , അമേരിക്കയിൽ നിന്നും ഡിയാന , ബഹറിനിൽ നിന്നുള്ള ലീന അലൻ , സിഡ്‌നിയിൽ നിന്നും ജിൻസി , ഷാർജയിൽ നിന്നുള്ള ബെറ്റി തുടങ്ങിയവർ ആലപിച്ച ഗാനം ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു .
ഗ്ലോസ്റ്റർഷെയറിന്റെ ഭാവഗായകൻ സിബി ജോസഫ് , ഡോ : ഷെറിൻ ജോസ് യുകെ തുടങ്ങിയവർ ഉടൻ തന്നെ ഈ ഗാനം ആലപിക്കുന്നതായിരിക്കും . അയർലണ്ടിൽ നിന്നുള്ള ഐ വിഷൻ ചാനലിന്റെ ഉടമയായ ശ്രീ : മാർട്ടിൻ വർഗീസ്സും , യുകെയിലുള്ള ബെർണാഡ് ബിജുവും , ബെനഡിക്ട് ബിജുവുമാണ് ഈ ആൽബത്തിന്റെ ഓഡിയോ വീഡിയോ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് .
മനോഹരമായ ഈ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂ ടൂബ് ലിങ്കുകൾ സന്ദർശിക്കുക
[ot-video][/ot-video]
[ot-video][/ot-video]
Leave a Reply