സ്വന്തം ലേഖകൻ
ലണ്ടൻ: ലോക്ക്ഡൗണിൽ ജനിക്കുന്ന കുട്ടികളുടെ പരിപാലനത്തെ സംബന്ധിച്ച് ആശങ്കകൾ ഏറുന്നു. സ്ഥിര പിന്തുണാ സഹായങ്ങൾ ഒന്നും ഈ കാലത്ത് ലഭിക്കാത്തതിനാൽ സാധാരണ കുടുംബങ്ങളിലെ മാതാപിതാക്കൾ കുട്ടികളുടെ ക്ഷേമത്തെ ഓർത്ത് ആശങ്കാകുലരാകുന്നു. ആരോഗ്യ സന്ദർശകരുടെ വരവ് കുറഞ്ഞതും പ്ലേഗ്രൂപ്പുകൾ അടഞ്ഞുകിടക്കുന്നതുമാണ് ഇതിനുകാരണം. അമ്മമാരെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നെന്ന് എൻഎച്ച്എസ് പറഞ്ഞു. ഇതുവരെ ലോക്ക്ഡൗൺ കാലത്ത് 76,000 കുഞ്ഞുങ്ങൾ ഇംഗ്ലണ്ടിൽ ജനിച്ചതായി ചിൽഡ്രൻസ് കമ്മീഷനർ ആൻ ലോംഗ്ഫീൽഡിന്റെ ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നില്ല. ഒപ്പം പുതിയ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും ശേഖരിക്കുന്നില്ല. ആരോഗ്യ സന്ദർശകരിൽ പകുതിയിലേറെപേരും ഇപ്പോൾ പകർച്ചവ്യാധി തടയാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആരോഗ്യ സന്ദർശകർ വളരെയധികം ആശങ്കാകുലരാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വിസിറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചെറിൾ ആഡംസ് പറഞ്ഞു.
അതോടൊപ്പം മുൻകരുതൽ എന്ന നിലയിൽ, ഗർഭിണികളായ സ്ത്രീകൾ ഈ കൊറോണകാലത്ത് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഗർഭകാലത്ത് കൊറോണ വൈറസ് ഒരു പ്രശ്നമാണോ എന്ന് പലർക്കും സംശയമുണ്ട്. സാധാരണ ജനങ്ങളെപ്പോലെ, അവരും രോഗബാധിതരാണെങ്കിൽ, ബഹുഭൂരിപക്ഷം ഗർഭിണികളിലും ലക്ഷണങ്ങളുണ്ടാക്കുകയും സുഖം പ്രാപിക്കുകയും ചെയ്യും. കോവിഡ് -19 ബാധിച്ച് സ്ത്രീകൾ ഗുരുതരാവസ്ഥയിലായാൽ കൊറോണ വൈറസ് ഗർഭാവസ്ഥയിൽ ഒരു പ്രശ്‌നമാകും. പക്ഷേ അത് വളരെ അപൂർവമാണ്. കൊറോണ വൈറസ് ബാധിച്ച സ്ത്രീകൾക്ക് നേരത്തെ തന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ പ്രസവത്തിനുള്ള കാരണം അറിയാൻ പ്രയാസമാണ്. ഗർഭാവസ്ഥയിൽ, വളരുന്ന കുഞ്ഞ്, അമ്മയുടെ ശ്വാസകോശം, ഹൃദയം, രക്തചംക്രമണം എന്നിവയിൽ ചില സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ കോവിഡ് ബാധിച്ച ഗർഭിണികൾ ഗുരുതരാവസ്ഥയിൽ ആയാൽ അത് ശ്വസന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു കാരണമാകും. ഈ അവസ്ഥയിലുള്ള ഏതൊരു സ്ത്രീയും ആശുപത്രിയിൽ വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
ഗർഭകാലത്ത് അമ്മ രോഗിയാണെങ്കിൽ കുഞ്ഞിലേക്ക് വൈറസ് പടരുന്ന വളരെക്കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ നവജാത ശിശുക്കളെ രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ചൈനയിൽ നിന്നുള്ള ഒരു പഠനത്തിൽ കോവിഡ് -19 ഉള്ള അമ്മമാർക്ക് ജനിച്ച 33 കുഞ്ഞുങ്ങളിൽ മൂന്നുപേർ രോഗബാധിതരാണെന്ന് കണ്ടെത്തി. എന്നാൽ വൈറസ് ഒരു കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്‌നമുണ്ടാക്കിയതായി തെളിവുകളൊന്നുമില്ലെന്ന് റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) പറയുന്നു. ഈ ദിവസങ്ങളിൽ ഗർഭിണികളായവർക്ക് ജലദോഷമോ പനിയോ പോലുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ഏഴു ദിവസം വീട്ടിൽ തന്നെ തുടരണം. മിക്ക സ്ത്രീകളിലും നേരിയ ലക്ഷണങ്ങളുണ്ടാകും. എന്നാൽ അത് കുറച്ച് ദിവസത്തിനുള്ളിൽ കുറയും. അവസ്ഥ മോശമെന്ന് തോന്നി തുടങ്ങിയാൽ നിങ്ങളുടെ ജിപിയുമായോ 111 വഴി എൻ എച്ച് എസുമായോ പ്രസവ യൂണിറ്റുമായോ അല്ലെങ്കിൽ 999 ലൂടെയോ അടിയന്തിരമായി ബന്ധപ്പെടണം. ഗർഭിണികളായ സ്ത്രീകൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്. 28 ആഴ്ചയിൽ താഴെയുള്ള സ്ത്രീകൾക്ക് വീടിനു പുറത്ത് ജോലികൾ ചെയ്യുന്നത് തുടരാം. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിക്കപ്പെട്ട രോഗികളെ പരിചരിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഗർഭിണികളായ ആരോഗ്യ പ്രവർത്തകർക്കുള്ള ഉപദേശം. ഗർഭിണികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) അതിന്റെ വെബ്‌സൈറ്റിൽ ധാരാളം ഉപദേശങ്ങൾ നൽകിവരുന്നുണ്ട്.
Leave a Reply