മനോജ് മാത്യു

റ്റീസെഡിൽ ഉറ്റവരും ഉടയവരും കൂടെയില്ലാത്ത സ്റ്റുഡന്റ് വിസക്കാർക്ക് തുടർച്ചയായ രണ്ടാം വാരത്തിലും കാരുണ്യത്തിന്റെ കൈത്താങ്ങാവുകയാണ് മിഡിൽസ്‌ബ്രോയിലെ നല്ല സമറായക്കാർ. കഴിഞ്ഞാഴ്‌ച സഹായം ആവശ്യപ്പെട്ടു വിളിച്ച 14 വിദ്യാർത്ഥി വിസക്കാർക്കു രണ്ടാഴ്‌ചത്തേക്കു വേണ്ട അവശ്യസാധനങ്ങൾ വാങ്ങിച്ചു നൽകിയതിന് പിന്നാലെ ഇന്ന് വേറെ 12 വിദ്യാർഥികളെക്കൂടെ സഹായിച്ചതോടെ ഇതുവരെ വിവിധ മതക്കാരും ഭാഷക്കാരുമായ 26 സ്റുഡന്റ്സിന് ദൈനംദിനാവശ്യ സാധനങ്ങൾ വാങ്ങിക്കൊടുത്തതിന്റെ ചാരിതാർഥ്യത്തിലാണ് സെന്റ്. എലിസബത്ത് മിഷൻ.

യുകെയെന്ന സ്വപ്നഭൂമിയിൽ ഒരു പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ലോണെടുത്തും കടംവാങ്ങിയും സ്റ്റുഡന്റ് വിസയിൽ വന്ന നിരവധി യുവജനങ്ങളുടെ സ്വപ്നങ്ങളുടെമേലാണ് കൊറോണ കരിനിഴൽ വീഴ്ത്തുന്നത്. അവരിൽ നിരവധി പേർക്ക് തങ്ങൾക്കുണ്ടായിരുന്ന പാർട്ട്ടൈം ജോലി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, പലരും ഭക്ഷണത്തിനും താമസത്തിനുംപോലും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ചുറ്റും കാണാൻ കഴിയുക. ഒരിടത്തു കൊറോണഭയവും, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും വേട്ടയാടുമ്പോൾ മറുവശത്തു അനുദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള തുകപോലും കയ്യിൽ ഇല്ലെന്നുള്ളത് യുവജനങ്ങളെ നിരാശയിലേക്കു തള്ളിവിടുന്ന കാര്യങ്ങളാണ്. ഇത്തരത്തിൽ ദുരിതത്തിലായ വിദ്യാർത്ഥി വിസക്കാരെ സഹായിക്കാൻ മുന്നോട്ടിറങ്ങിയ യുകെയിലെ മലയാളി സംഘടനകളോടും ചാരിറ്റികളോടും കൈകോർക്കുകയാണ് സീറോമലബാർ രൂപതയുടെ കീഴിലുള്ള മിഡിൽസ്ബ്രോ സെന്റ്. എലിസബത്ത് മിഷനും.

ടീസൈഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വന്നു ദുരിതത്തിലായ സ്റ്റുഡന്റ് വിസക്കാരുടെ വിവരം അറിഞ്ഞയുടൻ മിഷന്റെ ചാർജ്ജുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വികാരി ജനറാൾ ആന്റണി ചുണ്ടലിക്കാട്ടിലച്ചൻ ഇടവകയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് ചാരിറ്റി പ്രവർത്തനത്തിനു തുടക്കമിട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ മിഡിൽസ്‌ബ്രോ ഡാർലിംഗ്ടൺ, നോർത്ത് അലെർട്ടൺ എന്നീ സെന്ററുകളിൽനിന്നും മിഷന്റെ അക്കൗണ്ടിലേക്കു വിവിധ തുകകൾ പ്രവഹിച്ചു തുടങ്ങി. കൊറോണ രോഗത്തിന്റെ പ്രതിസന്ധിയിൽ വിഷമമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കി രൂപീകരിച്ച ഹെല്പ് ഡെസ്‌കിനോട് കൈകോർത്തുകൊണ്ടാണ് മിഡിൽസ്‌ബ്രോയിലെ കാരുണ്യപ്രവർത്തികൾ. പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം നിര്ജീവമാണ് എന്ന അപ്പസ്തോലവചനം പ്രാവർത്തികമാക്കാനുള്ള ഒരവസരമായാണ് ഈ കൊറോണകാലത്തെ അനേകം വിശ്വാസികൾ കാണുന്നത്.

മഹാമാരിയുടെ നിഴൽ വീണ ടീസൈഡ് താഴ്വരയിൽ നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം അശരണരായ സ്റ്റുഡന്റ് വിസക്കാർക്ക് പകരുകയാണ് മിഡിൽസ്‌ബ്രോ സെന്റ്. എലിസബത്ത് സീറോമലബാർ മിഷൻ. തുടർന്നും മിഡിൽസ്‌ബ്രോയിലും പ്രാന്തപ്രദേശങ്ങളിലും ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്ന ആർക്കും ജാതി, മത, ഭാഷാ ഭേദമെന്യേ മിഷനെയോ, രൂപതയുടെ ഹെൽപ് ലൈനുമായോ ബദ്ധപ്പെടാവുന്നതാണെന്ന് ഫാ. ആന്റണി ചുണ്ടലിക്കാട്ട് അറിയിച്ചു. ഇതുവരെ ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും ആന്റണിയച്ചന്റെ കൃതജതയും പ്രാർത്ഥനയും ഇതോടൊപ്പം അറിയിക്കുന്നു.