സ്വന്തം ലേഖകൻ

വുഹാൻ : മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു കോവിഡ് കേസ് പോലും നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് വുഹാൻ അധികൃതർ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ കൊറോണ വിമുക്തമായി മാറുന്ന പാതയിലാണ്. അതിനാൽ തന്നെ വുഹാനിൽ നഗരത്തിലെ 10 മില്യൺ ജനങ്ങളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രണ്ടാം വ്യാപനത്തെ തടയാൻ വേണ്ടി നടത്തിയ പരിശോധനയിൽ കോവിഡ് കേസുകൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വുഹാൻ അധികൃതർ അറിയിച്ചു. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത 300 പേർ നിരീക്ഷണത്തിലാണ്. കൊറോണ വൈറസിനെ തടയാൻ 10 ദശലക്ഷം ആളുകളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം, ‘വുഹാൻ ഇപ്പോൾ ചൈനയിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്’ എന്ന് ബീജിംഗിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

മെയ് 14 മുതൽ ജൂൺ 1 വരെ മൊത്തം 9,899,828 പൗരന്മാരിൽ ന്യൂക്ലിക് ആസിഡ് പരിശോധന നടത്തിയെന്ന് വുഹാൻ സർക്കാർ റിപ്പോർട്ട് നൽകി. പുതിയ കൊറോണ വൈറസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. കൂട്ട സ്‌ക്രീനിംഗിനിടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത 300 കോവിഡ് -19 കേസുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ രോഗം പിടിപെട്ട് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ വിദഗ്ദർ അറിയിച്ചു. “വുഹാന്റെ ന്യൂക്ലിക് ആസിഡ് പരിശോധനയുടെ മുഴുവൻ നടപടിക്രമങ്ങളും കണ്ടുവെന്നും. ഇപ്പോൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ ആത്മനിഷ്ഠവും യഥാർത്ഥവുമാണെന്നും. വുഹാൻ ഇപ്പോൾ ചൈനയിലെ ഏറ്റവും സുരക്ഷിതമായ നഗരമാണെന്നാണ് തൻെറ അഭിപ്രായം എന്നും ” ചൈനയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡെപ്യൂട്ടി ചീഫ് ഫെങ് സിജിയാൻ പറഞ്ഞു.

മെയ് 15 ന് വുഹാൻ സർക്കാർ അവിടുത്തെ എല്ലാ താമസക്കാരെയും പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. ആകെ 50,340 കോവിഡ് -19 കേസുകളും 3,869 മരണങ്ങളും വുഹാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 46,000 ത്തിലധികം രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.