ലണ്ടൻ : യുകെയിലെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ലണ്ടനിലെ സഹോദരിമാരുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഒരാഴ്ച മുമ്പാണ് നോർത്ത് വെസ്റ്റ് ലണ്ടനിൽ വെംബ്ലിയിലെ സ്ലഫ് ലെയ്‌നിന് സമീപമുള്ള ഫ്രൈന്റ് കൺട്രി പാർക്കിൽ നിക്കോൾ സ്മാൾമാൻ (27), ബിബ ഹെൻറി (46) എന്നിവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിബ ഹെൻറിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് അവർ പാർക്കിൽ ഒത്തുകൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുന്നത്. ഒന്നിലേറെ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മാർട്ടത്തിൽ കണ്ടെത്തുകയുണ്ടായി. തെളിവുകൾ കണ്ടെത്താനായി പാർക്കിലെ കുളം ഉൾപ്പെടെയുള്ള പ്രദേശം പോലീസ് തിരയുന്നുണ്ട്. അപരിചിതന്റെ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്ന് പോലീസ് പറയുന്നു.
നിക്കോളിനെയും ബിബയെയും അജ്ഞാതനായ ഒരാൾ കൊലപ്പെടുത്തിയെന്ന് ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയും.” ; ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ സൈമൺ ഹാർഡിംഗ് ഇന്ന് പറഞ്ഞു. വാലി ഡ്രൈവ് കവാടത്തിലൂടെയാണ് കൊലയാളി പാർക്ക് വിട്ടതെന്ന് പോലീസ് കരുതുന്നു. ആക്രമണത്തിനിടയിൽ കൊലയാളിക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ച വരെ പാർക്കിലുണ്ടായിരുന്നവർ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ തുറന്നു പറയാൻ ഹാർഡിംഗ് അഭ്യർത്ഥിച്ചു.
ഇതിനിടെ കൊലപാതകിയെന്ന് സംശയിച്ചു കസ്റ്റഡിയിൽ എടുത്ത 36കാരനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. അതേസമയം പാർക്ക് പോലുള്ള പൊതുസ്ഥലത്ത് നടന്ന കൊലപാതകത്തിന് തുമ്പ് കണ്ടെത്താൻ സാധിക്കാത്തത് വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
Leave a Reply