സ്വന്തം ലേഖകൻ
മാഞ്ചെസ്റ്റർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് ശനിയാഴ്ച നടന്ന റേവുകളിൽ ഒരു യുവാവ് കൊല്ലപ്പെട്ടതായി പോലീസ്. ഡെയ്സി നൂക്ക് കൺട്രി പാർക്കിലും കരിംഗ്ടണിലുമായി നടന്ന അനധികൃത റേവുകളിൽ 6,000 പേർ പങ്കെടുത്തു. ഓൾഡ്ഹാമിലെ ഡെയ്സി നൂക്ക് കൺട്രി പാർക്കിൽ നടന്ന റേവിൽ 4,000 പേരാണ് പങ്കെടുത്തത്. മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം ഇതിൽ പങ്കെടുത്ത 20കാരൻ മരിച്ചുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചു. കരിംഗ്ടണിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത റേവിൽ മൂന്ന് കുത്തുകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരിക്കേറ്റ 18 വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമാണ്. 25 നും 26 നും ഇടയിൽ പ്രായമുള്ള മറ്റ് രണ്ട് യുവാക്കൾക്കും പരിക്കേറ്റു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് രണ്ട് പരിപാടികളും നടത്തപെട്ടതെന്ന് പോലീസ് വെളിപ്പെടുത്തി. കരിംഗ്ടൺ റേവിൽ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അക്രമമുണ്ടായതായും തങ്ങളുടെ വാഹനം നശിപ്പിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.
വാരാന്ത്യത്തിൽ എമർജൻസി കോളുകൾ വർദ്ധിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 5 മുതൽ ഞായറാഴ്ച പുലർച്ചെ 4 വരെ 999 ഓളം കോളുകൾ വന്നതായി അവർ അറിയിച്ചു. അനധികൃത ഒത്തുചേരലിനുശേഷം എടുത്ത ചിത്രങ്ങളിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ബാഗുകൾ, ബീയർ ബോട്ടിലുകൾ തുടങ്ങിയ വസ്തുക്കൾ നിലത്ത് ചിതറിക്കിടക്കുന്നു. “കരിംഗ്ടണിലും ഡ്രോയ്ൽസ്ഡനിലും ശനിയാഴ്ച രാത്രി നടന്ന രണ്ട് വലിയ റേവുകളെക്കുറിച്ച് ഞങ്ങൾക്ക് അന്വേഷിക്കുകയാണ്. ഈ റേവുകൾ നിയമവിരുദ്ധമായിരുന്നു. അവ വ്യക്തമായും കൊറോണ വൈറസ് നിയമനിർമ്മാണത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനമായിരുന്നു. മാത്രമല്ല ദാരുണമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കി.” അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ക്രിസ് സൈക്സ് വെളിപ്പെടുത്തി.
ഞായറാഴ്ച രാവിലെ മാലിന്യം നിറഞ്ഞ പ്രദേശങ്ങൾ വൃത്തിയാക്കാൻ ശ്രമിച്ച എല്ലാവർക്കും സൈക്സ് നന്ദി പറഞ്ഞു. പകർച്ചവ്യാധി സമയത്ത് കൂടുതൽ പ്രതിരോധ നടപടികൾ നടപ്പാക്കാൻ പ്രാദേശിക അധികാരികളുമായി പോലീസ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്വാറന്റൈൻ റേവ്’ എന്നറിയപ്പെടുന്ന പാർട്ടികൾ രാജ്യത്ത് വിവിധ ഇടങ്ങളിലായി നടക്കുന്നുണ്ട്. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ തടയാൻ സർക്കാർ പരിശ്രമിക്കുമ്പോൾ പൊതുജനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവർത്തികൾ കൂടുതൽ അപകടം സൃഷ്ടിക്കുകയാണ്.
Leave a Reply