സ്വന്തം ലേഖകൻ
ലെസ്റ്റർ : കൊറോണ വൈറസ് കേസുകൾ വർധിച്ചതിനെത്തുടർന്ന് ലെസ്റ്റർ പ്രാദേശിക ലോക്ക്ഡൗണിലേക്കെന്ന് സൂചന. നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി നിലനിർത്താൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മേയർ പീറ്റർ സോൾസ്ബി പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ലെസ്റ്ററിൽ 2,987 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുടനീളമുള്ള കൊറോണ വൈറസ് നിയന്ത്രണങ്ങൾ ജൂലൈ 4 മുതൽ ലഘൂകരിക്കുമെങ്കിലും രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലെസ്റ്റർ നഗരത്തിൽ ഇളവുകളൊന്നും ഉണ്ടാവുകയില്ല. അതിനാൽ തന്നെ പബ്ബുകളും റെസ്റ്റോറന്റുകളും രണ്ടാഴ്ച കൂടി അടച്ചിടുമെന്നും മേയർ പറഞ്ഞു. ലെസ്റ്ററിലെ കണക്കുകൾ തനിക്ക് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പ്രാദേശിക ലോക്ക്ഡൗൺ കൊണ്ടുവരാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും പ്രാദേശിക അധികാരികൾക്കും അധികാരമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനം കൂടുകയാണെങ്കിൽ ലെസ്റ്ററിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇതോടെ ബ്രിട്ടനിൽ ആദ്യമായി പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന നഗരമായി ലെസ്റ്റർ മാറും.
നിലവിലെ നിയന്ത്രണം രണ്ടാഴ്ച കൂടി തുടരാൻ തനിക്ക് നിർദേശം ലഭിച്ചതായി മേയർ വെളിപ്പെടുത്തി. ലെസ്റ്ററിലെ ജനസംഖ്യയുടെ 28% ഇന്ത്യക്കാരാണ്. അതിനാൽ തന്നെ ബ്രിട്ടീഷ് പൗരന്മാരെ അപേക്ഷിച്ച് ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ 10 ദിവസമായി നഗരത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ തുടരണമെന്ന് അറിയിച്ചതോടെ ജൂലൈ 4ന് തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങിയ കടയുടമകളും പ്രതിസന്ധിയിലായി. ഈ അനിശ്ചിതത്വം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയതായി റെസ്റ്റോറന്റ് ഉടമ സൊഹൈൽ അലി പറഞ്ഞു. അതേസമയം വെസ്റ്റ് മിഡ്ലാന്റിൽ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലാണെന്നത് ആശങ്ക ഉണർത്തുന്നു. നഗരത്തിലുടനീളം 1,300 ൽ അധികം കേസുകൾ സ്ഥിരീകരിച്ചു.
ജൂൺ 14 വരെ, സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 1,362 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിലെ സിറ്റി ഡയറക്ടർ ജോൺ റൂസ്, കാബിനറ്റ് അംഗങ്ങൾക്കുള്ള ഏറ്റവും പുതിയ കൊറോണ വൈറസ് അപ്ഡേറ്റിൽ ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. “ഈ നിരക്കുകൾ ഞങ്ങളുടെ ജനസാന്ദ്രത, നഗരത്തിന്റെ ദാരിദ്ര്യ നിരക്ക് എന്നിവയ്ക്ക് അനുസൃതമാണ്. ഇത് വെസ്റ്റ് മിഡ്ലാന്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായിരിക്കും.” റൂസ് അറിയിച്ചു. സ്റ്റോക്ക്-ഓൺ-ട്രെന്റ് ജൂൺ 12 വരെ 180 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply