സ്വന്തം ലേഖകൻ

യു എസ് :- തന്റെ വീടിന് തീ പിടിച്ചപ്പോൾ മൂന്നു വയസ്സുകാരനായ സ്വന്തം കുഞ്ഞിനെ പ്രാണരക്ഷാർത്ഥം താഴെ നിന്നിരുന്ന യുവാവിൻെറ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത് റേച്ചൽ എന്ന അമ്മ നടത്തിയ ത്യാഗം മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതായിരുന്നു. തന്റെ കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി അരിസോണയിൽ എത്തിയ റിട്ടയേഡ് യുഎസ് നാവികനായ ഫിലിപ്പ് ബ്ലാങ്ക്‌സ് ആണ് കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത്. കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി എത്തിയ ഫിലിപ്പ് തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ ബഹളംകേട്ട് നോക്കിയപ്പോഴാണ്, മൂന്നു വയസ്സുള്ള കുഞ്ഞുമായി റേച്ചലിനെ കണ്ടത്. റേച്ചൽ മുകളിൽ നിന്നും കുഞ്ഞിനെ നൽകിയപ്പോൾ, മുൻപ് ഫുട്ബോൾ കളിച്ച്‌ പരിചയമുള്ള ഫിലിപ്പ് വളരെ സുരക്ഷിതമായി തന്നെ കുഞ്ഞിനെയേറ്റുവാങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM

മൂന്നു വയസ്സുകാരനായ മകനെ രക്ഷപ്പെടുത്തിയ ശേഷം, ഫ്ലാറ്റിലുള്ള തന്റെ എട്ടുവയസ്സുകാരി മകളുടെ അടുത്തേക്ക് റേച്ചൽ പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്വന്തം പ്രാണൻ തന്നെ അപകടത്തിൽ ആക്കിയാണ് റെയ്ച്ചൽ തന്റെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിച്ചത്. അതോടൊപ്പം തന്നെ ഇരുപത്തിയേഴുകാരനായ നാവികൻ ചെയ്ത സേവനവും വിലപ്പെട്ടതാണ്. പിന്നീട് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം കണ്ടത് മരണമടഞ്ഞ റേച്ചലിനെയാണ്.

മൂന്നു വയസ്സുകാരൻ ജാമിസൺ വീഴ്ചയിൽ അധികം പരുക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടു വയസ്സുകാരി മകൾ റോക്‌സയിന് എട്ട് സർജറികളോളം ആവശ്യമായി വന്നു. ഇരുവരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അമ്മയായ റേച്ചലിന്റെ ത്യാഗമാണ് ഏറ്റവും വിലപ്പെട്ടത് എന്ന് ഫിലിപ്പ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മക്കൾക്ക് വേണ്ടി തന്റെ ജീവനെ ത്യജിച്ചവരാണ് അവർ. കുട്ടികളുടെ ആശുപത്രി ചെലവുകൾക്കായി സാമൂഹ്യ സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.