സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കോവിഡ് 19 വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരിൽ, രോഗത്തോടുള്ള പ്രതിരോധം കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ ഇല്ലാതാകുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ഇത്തരം ആളുകളിൽ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ അനേകം ആണ്. തൊണ്ണൂറോളം രോഗികളുടെയും, ആരോഗ്യ പ്രവർത്തകരുടെയും ഇടയിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായി രോഗം ബാധിക്കുമ്പോൾ, രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റി- ബോഡികൾ ധാരാളമായി ശരീരത്തിൽ ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇത്തരം ആന്റി – ബോഡികൾ മാസങ്ങൾ കൊണ്ടു തന്നെ ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില ആളുകളിൽ മാസങ്ങൾക്കുശേഷം ഇത്തരം ആന്റി – ബോഡികളുടെ സാന്നിധ്യം തന്നെ ഇല്ലാതാകുന്നു. അതായത് രോഗത്തോടുള്ള പ്രതിരോധം ഇല്ലാതാകുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
ആളുകളിൽ രോഗത്തോടുള്ള പ്രതിരോധം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതായാണ് കണ്ടെത്തിയതെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ കിങ്സ് കോളേജ് ലണ്ടനിലെ ഡോക്ടർ കെയ്റ്റി ടൂറിസ് വ്യക്തമാക്കി. ഈ പഠനറിപ്പോർട്ടിനു വാക്സിൻ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാനാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്ലിനിക്കൽ ട്രയലുകൾ ശരിയായ രീതിയിൽ നടന്നാൽ, അടുത്തവർഷം ആദ്യം കൊണ്ട് തന്നെ പുതിയൊരു വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൊഫസർ റോബിൻ ഷാറ്റോക് വ്യക്തമാക്കി. എന്നാൽ ഈ വാക്സിൻ എത്രത്തോളം രോഗത്തിന് ഫലപ്രദമായിരിക്കും എന്ന പൂർണ്ണ ഉറപ്പുനൽകാൻ സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. പലസ്ഥലങ്ങളിലും രോഗത്തെ സംബന്ധിച്ച പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
Leave a Reply