സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിലെ കടകളിലും ബാങ്കുകളിലും ടേക്ക്അവേകളിലും നിർബന്ധമായി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ഫേസ് മാസ്ക് നിയമങ്ങൾ സർക്കാർ പുറത്തിറക്കി. പുതിയ നിയമങ്ങൾ അനുസരിച്ച് ഷോപ്പുകൾ, ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ, പോസ്റ്റോഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ എന്നിവയിൽ ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടതാണ്. എന്നിരുന്നാലും, റെസ്റ്റോറന്റുകൾ, പബ്ബുകൾ, ജിമ്മുകൾ, സലൂണുകൾ, തിയേറ്ററുകൾ തുടങ്ങി സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുളള വേദികളിൽ ഇവ ധരിക്കണമെന്ന് നിർബന്ധമില്ല. വൈകല്യമുള്ളവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, 11 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സുരക്ഷിതമായി ഷോപ്പിംഗ് തുടരേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. “ഈ പുതിയ മാർഗ്ഗനിർദ്ദേശം പിന്തുടർന്ന് വൈറസിനെതിരെ പോരാടുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കണം. ഈ മഹാമാരിയുടെ സമയത്ത് രാജ്യം സുരക്ഷിതമായി നിലനിർത്താൻ ബ്രിട്ടനിലെ ജനങ്ങൾ ചെയ്യുന്ന എല്ലാ ത്യാഗത്തിനും ഞാൻ നന്ദി പറയുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കഫെയിൽ നിന്ന് കോഫി വാങ്ങുമ്പോഴും മാസ്ക് നിർബന്ധമാണെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. ഫെയ്സ് മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. ടേക്ക്അവേ ഔട്ട്ലെറ്റുകളിൽ മാസ്ക് നിർബന്ധമാക്കുന്നതിനെ മുതിർന്ന കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് ശക്തമായി എതിർത്തിരുന്നു. സാൻഡ്വിച്ച് ഷോപ്പിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുന്നത് “നിർബന്ധമല്ല” എന്നും ഡൗണിംഗ് സ്ട്രീറ്റ് നിർദ്ദേശിച്ചു. പൊതുജനാരോഗ്യ പ്രശ്നമായതിനാൽ ആരോഗ്യ സാമൂഹ്യ പരിപാലന വകുപ്പാണ് നിയമങ്ങൾ തയ്യാറാക്കിയത്. ഇത് മന്ത്രിമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
പുതിയ നിയമം ലംഘിക്കുന്ന ആളുകൾക്ക് 100 പൗണ്ട് പിഴ ഈടാക്കും. 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ 50 പൗണ്ടായി കുറയും. മാസ്ക് ധരിക്കുന്നത് രോഗം പടരാനുള്ള സാധ്യത കുറയ്ക്കുമെന്നതിൽ തെളിവുകളുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നിരുന്നാലും, പുതിയ നിയമങ്ങൾ തൊഴിലാളികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് യൂണിയൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഷോപ്പ് വർക്കേഴ്സ് യൂണിയൻ ഉസ്ഡാവ് ജനറൽ സെക്രട്ടറി പാഡി ലില്ലിസ്, കടകളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് പറഞ്ഞെങ്കിലും സർക്കാരിൽ നിന്ന് വ്യക്തവും വിശദവുമായ മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.
Leave a Reply