യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.
Leave a Reply