അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിലെ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് വ്യാപനം തടയാൻ വ്യാഴാഴ്ച മുതൽ രണ്ടാം ലോക്ക്ഡൗൺ ആരംഭിച്ചിരിക്കുകയാണ്. പക്ഷേ പല സ്ഥാപനങ്ങളും വൻ സാമ്പത്തികമായ നഷ്ടം നേരിട്ടേക്കാവുന്ന ലോക്ക്ഡൗണിന് പുറംതിരിഞ്ഞു നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൻ പിഴ ശിക്ഷ ഏറ്റു വാങ്ങിയാലും പതിവുപോലെ പ്രവർത്തിക്കും എന്നാണ് പല സ്ഥാപനങ്ങളുടെയും കടുംപിടുത്തം. ലോക്ക്ഡൗണിൽ തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്ക് 10000 പൗണ്ട് വരെയുള്ള പിഴ ഈടാക്കുന്നതാണ്. വൈറസ് പടരാതിരിക്കാൻ ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ ഒഴിച്ച് എല്ലാം അടയ്ക്കാൻ ഗവൺമെൻറ് നിർദ്ദേശം വന്നിരുന്നു.
എന്നാൽ ബെറിയിലെ ജിം, ബ്രിസ്റ്റോളിന് അടുത്തുള്ള ടാറ്റൂ പാർലർ, ഗ്ലോസ്റ്ററിലെ ഹെയർ ഡ്രസ്സിംഗ് സലൂൺ എന്നിവ ഉൾപ്പെടെ പല സ്ഥാപനങ്ങളും നിയമം ലംഘിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്കഡൗണിൻെറ ആദ്യ ദിവസം പതിവുപോലെ തുറക്കുകയും കസ്റ്റമേഴ്സിന് സർവീസ് നൽകുകയും ചെയ്തതിന് റോജർ ആൻഡ് കോ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ഉടമയിൽ നിന്ന് 1000 പൗണ്ട് പിഴ ഈടാക്കി. ലോക്ക്ഡൗണിനോടനുബന്ധിച്ച് എല്ലാ ഹെയർ ഡ്രസ്സർമാരും തങ്ങളുടെ സ്ഥാപനങ്ങൾ അടയ്ക്കേണ്ടതാണ്. പക്ഷേ റോജർ ആൻഡ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ലോക്ക്ഡൗണിന് തങ്ങളുടെ സ്ഥാപനം തുറക്കുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
മാഞ്ചസ്റ്ററിനടുത്തുള്ള ബെറിയിലെ ഫിറ്റ്നസ് ഫോർ ലൈഫ് സ്റ്റുഡിയോയുടെ ഉടമ പിഴ അടയ്ക്കേണ്ടതായി വന്നാലും തങ്ങളുടെ സ്ഥാപനം തുറക്കും എന്ന നിലപാടിലാണ്. തങ്ങളുടെ സേവനങ്ങൾ ലോക്ക്ഡൗൺ സമയത്തും ഉപഭോക്താക്കളുടെ മാനസിക ആരോഗ്യത്തിന് ആവശ്യമാണെന്ന ന്യായീകരണമാണ് ഉടമയായ ജെയ്ൻ ഡീക്കിനുള്ളത് .
ജനങ്ങളുടെ അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയുകയാണ് ലോക്ക്ഡൗണിൻെറ പ്രാഥമിക ലക്ഷ്യം. പക്ഷേ പല ബിസിനസ് സ്ഥാപനങ്ങളും പിഴയീടാക്കേണ്ടി വന്നാലും പ്രവർത്തിക്കുമെന്ന തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അവശ്യ സർവീസുകളിൽ പെടാത്ത പല സ്ഥാപനങ്ങളും അനധികൃതമായി തുറന്നിരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി ഗ്ലോസ്റ്റർ ഷെയറിലെ പോലീസ് വക്താവ് പറഞ്ഞു. രണ്ടാമത്തെ ലോക്ക്ഡൗണിൽ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. പൊതുജനങ്ങൾ അസ്വസ്ഥരാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ നാലാഴ്ചത്തെ ലോക്ക്ഡൗൺ വൈറസിനെ പ്രതിരോധിക്കുമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
Leave a Reply