അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിപ്പിക്കുന്നതിന് അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്ന് ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. സൂസൻ മിച്ചി അഭിപ്രായപ്പെട്ടു. ക്രിസ്മസിൻെറ ആഘോഷങ്ങളിലേക്ക് ജനങ്ങൾക്ക് അനായാസവും സുരക്ഷിതമായി പ്രവേശിക്കുന്നതിന് വീണ്ടുമൊരു ലോക്ക്ഡൗൺ തടസ്സമാകും. നവംബർ അഞ്ചാം തീയതി ആരംഭിച്ച ലോക്ക്ഡൗണിനോട് തന്നെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. വാക്സിൻ ഉടനെ ലഭ്യമാകുമെന്ന വാർത്ത നിലവിലെ ഗുരുതര സ്ഥിതിവിശേഷത്തിന് ശമനം ഉണ്ടാക്കില്ല എന്ന് പ്രൊഫ. സൂസൻ മിച്ചി മുന്നറിയിപ്പ് നൽകി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള നടപടികൾ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഡിസംബർ രണ്ടിന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ വൈറസ് വ്യാപനം തുടരുകയാണെങ്കിൽ ഡിസംബർ രണ്ടിന് അപ്പുറത്തേക്ക് നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യതയെക്കുറിച്ച് കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് മുന്നറിയിപ്പുനൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ നിരക്ക് സൂചിപ്പിക്കുന്ന ആർ റേറ്റ് ചില സ്ഥലങ്ങളിൽ കുറയുന്നതായുള്ള ശുഭ സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുകെയിൽ ഉടനീളം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ ഭവനത്തിലേക്ക് ഡിസംബർ രണ്ടിന് ശേഷം മടങ്ങാനിരിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തിൽ ഉള്ള പദ്ധതികൾ ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ വാക്‌സിൻ തയ്യാറായാൽ മുൻഗണനാക്രമത്തിൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ട്.

ലോക്ക്ഡൗൺ അവസാനിപ്പിക്കാനുള്ള സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനായി ജനങ്ങൾ കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും രോഗവ്യാപന സാധ്യതയുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗമായ പ്രൊഫ. മിച്ചി അഭ്യർത്ഥിച്ചു. വെയിൽസിലും വടക്കൻ അയർലൻഡിലുമുള്ള കടുത്ത നടപടികൾ വൈറസ് വ്യാപന തോത് കുറച്ചത് പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു. ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 11 ദിനങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം യുകെയിൽ 26860 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 462 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.