ന്യൂസ് ഡെസ്ക് , മലയാളം യുകെ

നവംബർ അഞ്ചാം തീയതി ആരംഭിച്ച ലോക്ക്ഡൗൺ യുകെയിൽ 13 ദിവസങ്ങൾ പിന്നിടുമ്പോൾ ഡിസംബർ രണ്ടാം തീയതി ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ വ്യക്തമാക്കാൻ സാധിക്കില്ല എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വെളിപ്പെടുത്തി. അടുത്ത ഒരാഴ്ചത്തെ രോഗവ്യാപനതോത് വളരെ നിർണായകമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് -19 കേസുകളിൽ ഭൂരിഭാഗവും ലോക്ക്ഡൗണിന് മുൻപേ വൈറസ് വ്യാപനം നടന്നതാകണം. അതുകൊണ്ടു തന്നെ ലോക്ക്ഡൗണിൻെറ ഫലപ്രാപ്തി അറിയാൻ കാത്തിരിക്കേണ്ടതുണ്ട്.

ജനങ്ങൾ കോവിഡ്-19 പ്രോട്ടോകോളും ലോക്ക്ഡൗൺ നിയമങ്ങളും പാലിക്കുകയാണെങ്കിൽ ഉടൻതന്നെ കോവിഡ് -19 വ്യാപനതോത് കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് വ്യാപനത്തിൽ നേരിയ വർധനവു മാത്രമാണ് ഉള്ളത് എന്നത് ആശ്വാസം നൽകുന്നുണ്ട്.

എല്ലാവരും ഉറ്റുനോക്കുന്നത് ക്രിസ്മസ് കാലത്തെയാണ്. ജനങ്ങൾ കൂടുതൽ പുനഃസമാഗമനത്തിനും ഒത്തുചേരലുകൾക്കും താൽപര്യപ്പെടുന്ന സമയത്ത് കോവിഡ് -19 ൻെറ വ്യാപനത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വാക്സിനുകളുടെ വിതരണം, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സ്വഭവനത്തിലേക്കുള്ള മടക്കം ഇവയെല്ലാം ഡിസംബർ രണ്ടിന് ശേഷം യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളായി ഗവൺമെൻറിൻറെ മുൻപിലുണ്ട്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡയറക്ടർമാരിൽ ഒരാളായ ഡോ. സൂസൻ ഹോപ്കിൻസിൻെറ അഭിപ്രായത്തിൽ ലോക്ക്ഡൗൺ അവസാനിച്ചാലും യുകെയിൽ ഉടനീളം ടയർ സംവിധാനത്തിലുള്ള നിയന്ത്രണങ്ങൾ നിലനിർത്തേണ്ടതായി വരും. ഇന്നലെ മാത്രം 21363 പേർക്കാണ് യുകെയിൽ രോഗം സ്ഥിരീകരിച്ചത്. ഇതു കൂടി ഉൾപ്പെടുത്തി 13,90,681 പേർക്കാണ് ഇതുവരെ യുകെയിൽ കോവിഡ് ബാധിച്ചത്. ഇന്നലത്തെ 213 പേരെ കൂടി ഉൾപ്പെടുത്തി 52,147 പേരാണ് യുകെയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞത്.