ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
21 പേരുടെ മരണത്തിനും 182 പേർക്ക് ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കിയ ബെർമിങ്ഹാം സ്ഫോടനം നവംബർ 21 1974 ന് രണ്ടു പബ്ലിക് ഹൗസുകളിലാണ് നടന്നത്. നവംബർ 18 ബുധനാഴ്ച 65 വയസ്സ് പ്രായം വരുന്ന വ്യക്തിയെ കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് അറസ്റ്റ് ചെയ്തു.
സ്ഫോടനം നടന്ന ദിവസത്തിന് 46 കൊല്ലങ്ങൾക്കിപ്പുറത്താണ് ടെററിസം ആക്ടിന് കീഴിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൾബറി ബുഷ് പബ്ബിൽ ആണ് ആദ്യം സ്ഫോടനമുണ്ടായത്. 10 മിനിറ്റിനു ശേഷം ടൗൺ പബ്ബിലെ ടവേൺ പൊട്ടിത്തെറിച്ചു. സമീപത്തായി മറ്റൊരു ബോംബ് കൂടി ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ മറ്റൊരു അപകടം ഒഴിവായി.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ 6 ഐറിഷുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബെർമിങ്ഹാം സിക്സ് എന്നറിയപ്പെട്ടിരുന്ന ഇവരെ 16 കൊല്ലത്തെ കഠിന തടവിന് ശേഷം സ്ഫോടനത്തിൽ പങ്കില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ വിട്ടയച്ചു. നിഷ്കളങ്കരായ ഇവർക്ക് സ്റ്റേറ്റ് നഷ്ടപരിഹാരം നൽകിയിരുന്നു. സ്ഫോടകവസ്തുക്കൾ കയ്യിൽ വെച്ചിരുന്നു എന്ന് ആരോപിച്ച് മിക്ക് മുറ്റെ,ജെയിംസ് ഗാവിൻ എന്നിവരെ കൂടി അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും സ്ഫോടനത്തിലെ പങ്ക് നിഷേധിച്ചു. തെളിവുകളുടെ അഭാവത്തിൽ അവരെയും വിട്ടയച്ചു.
അന്ന് മരിച്ചവരിൽ ഏറിയപങ്കും 17 നും 30 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഗുരുതരമായ പരിക്കുകളിൽ ഇരുകാലുകളും നഷ്ടപ്പെട്ടവരും, സ്ഫോടക വസ്തുക്കൾ കണ്ണിൽ തെറിച്ചു കാഴ്ചശക്തി നഷ്ടപ്പെട്ടവരുമുണ്ട്. വർഷങ്ങൾക്കിപ്പുറവും നീതിക്കുവേണ്ടി വാദിക്കുന്ന ഇവർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ വ്യക്തിയുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഇരകളുടെ അടുത്ത ബന്ധുക്കൾ വാർത്തയിൽ അങ്ങേയറ്റം പ്രതീക്ഷയും സന്തോഷവും രേഖപ്പെടുത്തി.ഹോം സെക്രട്ടറി പ്രീതി പട്ടേൽ ബെർമിങ്ഹാം സ്ഫോടനത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരകളുടെ ബന്ധുക്കളായ ജസ്റ്റിസ് കാമ്പൈനേഴ്സിനെ പ്രീതി പട്ടേൽ സന്ദർശിക്കും. അറസ്റ്റിലായ വ്യക്തിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ഫോടനത്തിന്റെ പിന്നിലുള്ളവരെ പറ്റിയുള്ള വിശദാംശങ്ങളുടെ ചുരുളഴിയും എന്നാണ് പ്രതീക്ഷ.
Leave a Reply