ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : യുകെ മിലിട്ടറിയിൽ മുപ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അടുത്ത നാല് വർഷത്തിനുള്ളിൽ പ്രതിവർഷം 4 ബില്യൺ പൗണ്ട് അധികമായി നിക്ഷേപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജൻസി, സൈബർ പ്രതിരോധ പദ്ധതികൾ പോലുള്ളവയ്ക്ക് ഈ പണം ഉപയോഗിക്കുമെന്നും ഇത് 40,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു. ആഗോള സ്വാധീനം വർദ്ധിപ്പിക്കാൻ യുകെയെ ഇത് സഹായിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക ബജറ്റ് ഏകദേശം 40 ബില്യൺ പൗണ്ടാണ്. അതിനാൽ നാല് വർഷത്തിനിടയിൽ 16.5 ബില്യൺ പൗണ്ട് എന്നത് 10% വർദ്ധനവാണ്.
രാജ്യത്തിന്റെ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞു. “അന്താരാഷ്ട്ര സ്ഥിതി കൂടുതൽ അപകടകരമാണ്. സായുധ സേനയെ പരിവർത്തനം ചെയ്യാനും ആഗോള സ്വാധീനം ശക്തിപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനും സമന്വയിപ്പിക്കാനും പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കമിടാനും ജനങ്ങളെയും ജീവിതരീതിയെയും പ്രതിരോധിക്കാനുമുള്ള അവസരമാണിത്.” ജോൺസൻ കൂട്ടിച്ചേർത്തു. പ്രതിരോധ ചെലവുകളിലെ ഗണ്യമായ ഈ വർധനവ് പ്രതിരോധ സെക്രട്ടറി ബെൻ വാലസിന്റെ വിജയമാണ്. തന്റെ പ്രഥമ പരിഗണന സാമ്രാജ്യത്തിന്റെ പ്രതിരോധമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ഇത് ലോകത്തിൽ ബ്രിട്ടന്റെ സ്ഥാനം വർദ്ധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ വിശ്വസിക്കുന്നു. ബഹിരാകാശ, സൈബർ മേഖലകളിൽ പുതിയ ഭീഷണികൾ നേരിടാനായി കൂടുതൽ ചെലവഴിച്ച് സായുധ സേനയെ നവീകരിക്കാൻ അധിക പണം ഉപയോഗിക്കും. അടുത്ത നാല് വർഷത്തേക്ക് യുകെയിൽ പ്രതിവർഷം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് സർക്കാർ അറിയിച്ചു. 2022 ൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കാൻ കഴിവുള്ള ഒരു പുതിയ “സ്പേസ് കമാൻഡ്” ജോൺസൻ ഇന്നലെ അറിയിക്കുകയുണ്ടായി . ഈ ധനസഹായം ഒരു ദശകത്തെ തകർച്ചയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രതിരോധത്തിലേക്ക് സ്വാഗതാർഹവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നവീകരണം സാധ്യമാക്കുമെന്ന് ലേബറിന്റെ ഷാഡോ ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി അഭിപ്രായപ്പെട്ടു.
Leave a Reply