സ്വന്തം ലേഖകൻ
യു കെ :- ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാരക്കരാറിനെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, യൂറോപ്യൻ യൂണിയൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുള വോൺ ഡർ ലെയെനുമായുള്ള അവസാനവട്ട ചർച്ചകൾ തിങ്കളാഴ്ച നടക്കും. ഇരുവരും ഇതുവരെ നടത്തിയ ചർച്ചകളിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം നീണ്ട ഫോൺ കോൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയോടെ സമവായത്തിൽ എത്തിയില്ലെങ്കിൽ കരാറുകൾ ഒന്നുമില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പടിയിറങ്ങും.
ബ്രിട്ടൻ പ്രധാനമന്ത്രി തന്റെ നിലപാടുകളിൽ അയവു വരുത്താനുള്ള സാധ്യത കുറവാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഇതിനെതിരെ ശക്തമായ നിലപാടുകൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, യൂറോപ്പ്യൻ യൂണിയൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, ഇരുവരും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നിരവധി അതിപ്രധാനമായ കാര്യങ്ങളിൽ ഇനിയും സമവായത്തിൽ എത്തിയിട്ടില്ലെന്ന് ഈ പ്രസ്താവനയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഒരു കരാർ ഉണ്ടാവുക അസാധ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പിന്നീട് പറഞ്ഞു.
ഫ്രാൻസും തങ്ങളുടെ തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ താല്പര്യത്തെ മാനിക്കാതെ ഉള്ള കരാറാണ് രൂപപ്പെടുന്നതെങ്കിൽ, ഉറപ്പായും ഫ്രാൻസ് ശക്തമായി എതിർക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ അറിയിച്ചു.ബ്രിട്ടന്റെ തീരുമാനങ്ങളെ മാനിക്കുന്ന കരാറിൽ മാത്രമായിരിക്കും പ്രധാനമന്ത്രി ഒപ്പിടുക എന്ന് ടോറി എംപി പീറ്റർ ബോൺ വിശ്വാസം പ്രകടിപ്പിച്ചു. അവസാന തീരുമാനം എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.
Leave a Reply