ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടനിൽ ബുധനാഴ്ച മുതൽ 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. രോഗവ്യാപന തോത് ക്രമാതീതമായി ഉയർന്നതിനെ തുടർന്നതാണ് ഈ നടപടിയിലേക്ക് നീങ്ങാൻ കാരണം. ഇതുകൂടാതെ എസെക്സിൻെറ ചില പ്രദേശങ്ങളിലും ഹെർട്ട്ഫോർഡ്ഷയറിലും 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്ത് ഉടനീളം നടപ്പാക്കിയ ലോക്ക്ഡൗണിന് ശേഷവും ലണ്ടനിൽ ഉയർന്നതോതിലുള്ള രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പല 3 – ടയർ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളേക്കാൾ രോഗ വ്യാപനം ലണ്ടനിൽ ഉണ്ടെന്ന വിവരങ്ങളും നേരത്തെ തന്നെ വാർത്തയായിരുന്നു.
ഇതിനിടെ ക്രിസ്മസിനോടനുബന്ധിച്ച് നേരത്തെ തന്നെ സ്കൂളുകളും കോളേജുകളും അടയ്ക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലണ്ടനിൽ രോഗവ്യാപനത്തിന് ഒരു പരിധിവരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ കാരണമാകുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ലണ്ടനിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾക്ക് വൈറസ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയും ഗവൺമെൻറ് നടപ്പാക്കിയിരുന്നു.
Leave a Reply