അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ യുകെയിൽ 137,897 പേർ വാക്സിനേഷന് വിധേയമായി. കമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ ജി.പി കളും നഴ്സുമാരും നൽകിയ പ്രതിരോധകുത്തിവെയ്പ്പ് കൂടാതെയുള്ള കണക്കാണിത് .വാക്സിനേഷൻെറ ആദ്യവാരം എഴുപതിലധികം ആശുപത്രികളിലായി ആണ് പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കിയത്. ലോകത്ത് ആദ്യമായി ജനങ്ങൾക്കായി പ്രതിരോധകുത്തിവെയ്പ്പ് ആരംഭിച്ച രാജ്യം യുകെയായിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി ആണ് ഇതുവരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. ഇത്രയധികം ആൾക്കാർക്ക് തുടക്കത്തിൽതന്നെ വാക്സിനേഷൻ നൽകാൻ ആയത് ശുഭസൂചനയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ പേർ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇംഗ്ലണ്ടിൽ മാത്രം 108,000 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയത്. വെയിൽസിൽ 7,897 , വടക്കൻ അയർലണ്ടിൽ 4,000, സ്കോട്ട്ലൻഡിൽ 18,000 എന്നിങ്ങനെയാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ മറ്റ് കണക്കുകൾ. ഇത് ഏകദേശ കണക്കുകൾ ആണെന്നും കൂടുതൽ കൃത്യമായ വിവരങ്ങൾ അടുത്ത ആഴ്ച ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ക്രിസ്മസ് കാല ഇളവുകളെ കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ ആണ് ഭരണനേതൃത്വത്തിന്റെയും ആരോഗ്യവിദഗ്‌ധരുടെയും ഇടയിൽ പുരോഗമിക്കുന്നത്. ക്രിസ്മസ് കാലയളവിൽ നൽകാനുദ്ദേശിച്ചിരിക്കുന്ന ഇളവുകൾ രോഗവ്യാപനതോത് ഉയരാൻ ഇടയാക്കുമെന്നും നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു . വെയിൽസിലും, തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലും രോഗവ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ 5 ദിവസത്തെ ഇളവുകൾ അനുവദിക്കുന്നത് പുനരവലോകനം ചെയ്യണമെന്നുള്ള സമ്മർദ്ദങ്ങൾ ശക്തമാണ്. ക്രിസ്മസിന് ഇളവുകൾ ഉണ്ടെങ്കിൽ പോലും സാമൂഹ്യ സമ്പർക്കം പരമാവധി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ആരോഗ്യ വിദഗ്‌ധരുടെ ഭാഗത്തുനിന്ന് ഉള്ളത് .