ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇത് ചരിത്രനിമിഷം. ബ്രെക്സിറ്റ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരകരാറിൽ യുകെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നീ പ്രതിസന്ധികളിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ് ഇപ്പോൾ ഒപ്പുവെച്ചത്. പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് 7 ദിവസം ബാക്കി നിൽക്കെയാണ് ഇരുപക്ഷത്തിനും സ്വീകാര്യമായ കരാറിലെത്തിയത്. 2016ൽ നടത്തിയ ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. അത് സാധ്യമാകുന്നതോ 2020 അവസാനവും. കരാർ ഉചിതവും സന്തുലിതവുമാണെന്ന് യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഊർസുല വോൺ ഡർ ലെയ്ൻ പറഞ്ഞു. മികച്ച കരാറാണ് ലഭിച്ചിരിക്കുന്നതെന്നും വാഗ്ദാനം ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
ബ്രെക്സിറ്റ് വ്യാപാരകരാർ സാധ്യമായതോടെ ഒട്ടനവധി മാറ്റങ്ങൾ യുകെയിൽ ഉണ്ടായേക്കും;
1. വിദേശ ആരോഗ്യ സംരക്ഷണം
താൽക്കാലിക താമസത്തിനിടയിൽ സർക്കാർ നൽകുന്ന ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശമായ യൂറോപ്യൻ ഹെൽത്ത് ഇൻഷുറൻസ് കാർഡ് (ഇഎച്ച്ഐസി) ഇനി മുതൽ സാധുവായിരിക്കില്ല. പകരം വിദേശത്തേക്ക് പോകുന്നതിനുമുമ്പ് ആരോഗ്യ പരിരക്ഷയോടുകൂടിയുള്ള ഉചിതമായ യാത്രാ ഇൻഷുറൻസ് നേടാൻ പൊതുജനങ്ങളെ സർക്കാർ ഉപദേശിച്ചു.
2. അതിർത്തി നിയന്ത്രണം.
നിങ്ങളുടെ റിട്ടേൺ ടിക്കറ്റ് ബോർഡർ കൺട്രോൾ പോസ്റ്റിൽ കാണിക്കുകയും താമസത്തിന് മതിയായ പണമുണ്ടെന്ന് തെളിയിക്കുകയും ചെയ്യണം. ഭൂരിഭാഗം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ഐസ്‌ലാന്റ്, ലിച്ചെൻസ്റ്റൈൻ, നോർവെ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്കും സഞ്ചാരികൾക്ക് വിസ ഇല്ലാതെ സഞ്ചരിക്കാനാവും. 180 ദിവസ കാലയളവിൽ യാത്രക്കാർക്ക് 90 ദിവസം വരെ ഇവിടങ്ങളിൽ താമസിക്കാൻ കഴിയും. കൂടുതൽ ദിവസം തങ്ങണമെങ്കിൽ പെർമിറ്റ് ആവശ്യമായി വന്നേക്കാം. ബ്രിട്ടീഷ് പൗരന്മാർക്ക് ഇപ്പോഴും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വാഹനമോടിക്കാൻ കഴിയും. പക്ഷേ സ്വന്തം വാഹനം എടുക്കുകയാണെങ്കിൽ ഗ്രീൻ കാർഡും ജിബി സ്റ്റിക്കറും ആവശ്യമാണ്. ഇയു രാജ്യങ്ങളിലും ഐസ്‌ലാന്റ്, ലിച്ചെൻസ്റ്റൈൻ, നോർവെ തുടങ്ങിയ ഇടങ്ങളിലും സൗജന്യ മൊബൈൽ ഫോൺ റോമിംഗ് അവസാനിക്കും. അതിനാൽ യാത്രക്കാർ അവരുടെ ഫോൺ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് സാധ്യമായ നിരക്കുകളെക്കുറിച്ച് അറിയേണ്ടതുണ്ട്.
3. പാസ് പോർട്ട്
അടുത്ത ആറു മാസത്തിനുള്ളിൽ നിങ്ങളുടെ പാസ്പോർട്ട് കാലഹരണപ്പെടുമെങ്കിൽ അത് പുതുക്കേണ്ടതുണ്ട്. അതോടൊപ്പം 10 വർഷം പിന്നിട്ട പാസ്പോർട്ടുകളും പുതുക്കേണ്ടതുണ്ട്. ഇതിന് 75.50 നും 85 പൗണ്ടിനും ഇടയിൽ ചിലവ് വരും. ഈ നിയമങ്ങൾ അയർലണ്ടിന് ബാധകമല്ല.
4. യൂറോപ്യൻ യൂണിയനിലേക്ക് മാറുന്ന യുകെ പൗരന്മാർ
പിൻവലിക്കൽ കരാറിനു കീഴിൽ ഇതിനകം ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്ത് താമസിക്കുന്ന യുകെ പൗരന്മാർക്ക് ചില പരിരക്ഷകൾ ഉണ്ടായിരിക്കും. എന്നാൽ ആ രാജ്യത്തിന്റെ നിയമങ്ങളും അവർ എത്ര കാലം അവിടെ താമസിച്ചുവെന്നതും അനുസരിച്ച് റെസിഡൻസിക്ക് അപേക്ഷിക്കേണ്ടിവരാം. ഇതിനർത്ഥം ബ്രിട്ടീഷുകാർ ആ രാജ്യത്തിന്റെ ഇമിഗ്രേഷൻ നിയമങ്ങൾക്കനുസൃതമായി അപേക്ഷിക്കേണ്ടതുണ്ട് എന്നാണ്.
5. യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ
ഡിസംബർ 31 നകം യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെയും ഐസ്‌ലൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പൗരന്മാർ ജൂണിന് മുമ്പ് ഇയു സെറ്റിൽമെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്യണം. അഞ്ചുവർഷമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് സെറ്റിൽഡ് സ്റ്റാറ്റസ് നേടാം. അഞ്ച് വർഷത്തിൽ താഴെ താമസിക്കുന്നവർക്ക് പ്രീ-സെറ്റിൽഡ് സ്റ്റാറ്റസിന് അർഹത ഉണ്ടായിരിക്കും. അത് പിന്നീട് സെറ്റിൽഡ് സ്റ്റാറ്റസിലേക്ക് മാറ്റാവുന്നതാണ്.
Leave a Reply