പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. പാലക്കാടാണ് സംഭവം. തെങ്കുറിശ്ശി സ്വദേശിയും 27കാരനുമായ അനീഷിനെയാണ് പെണ്‍കുട്ടിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പൊലീസ് പിടിയില്‍ ആവുന്നത്. അമ്മാവന്‍ സുരേഷിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വൈകിട്ട് 6:30ഓടെ മാനാംകുളംമ്പില്‍ വച്ചായിരുന്നു സംഭവം. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദത്ത് വെള്ളിയാഴ്ച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്. ദുരഭിമാനക്കൊലയിലേക്കാണ് സംഭവം വിരള്‍ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് മാസം മുന്‍പാണ് അനീഷും ഹരിതയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഭാര്യയുടെ കുടുംബത്തില്‍ നിന്ന് അനീഷിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.