രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന് ഗാര്ഡന് സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.
ഗവര്‍ണറുമായി നടത്തിയ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ഗാംഗുലി പ്രതികരിച്ചു. കൂടിക്കാഴ്ചയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ പ്രതികരണം.
അതിനിടെ, ഗാംഗുലിയെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി സൂചനയുണ്ട്. ഗാംഗുലിയെ പോലെ ഒരാള്‍ അമരത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റ് 17 മാസം കഴിഞ്ഞാണ് ഗാംഗുലി അദ്ദേഹവുമായി സൗഹൃദ കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയും. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.
‘സൗരവ് ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ദാദയെ ബംഗാളിലെ പാര്‍ട്ടി മുഖമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്’ – കൊല്‍ക്കത്തയിലെ രാഷ്ട്രീയ നിരീക്ഷകന് പ്രൊഫ. ബിശ്വനാഥ് ചക്രബര്‍ത്തി ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനോട് പറഞ്ഞു.
‘എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്വിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗാംഗുലിക്ക് അടുത്ത ബന്ധമുണ്ട്. ദുര്‍ഗ പൂജയ്ക്ക് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ഒഡിഷി നര്‍ത്തകിയായ ഗാംഗുലിയുടെ ഭാര്യ ഡോണ നൃത്തം അവതരിപ്പിച്ചിരുന്നു’
ഗവര്‍ണറുമായുള്ള സൗഹൃദ സന്ദര്‍ശനം ഗാംഗുലിക്ക് നേരത്തെ തന്നെ ആകാമായിരുന്നു എന്നും ഇപ്പോള്‍ എന്തിനാണ് എന്നും മറ്റൊരു രാഷ്ട്രീയ നിരീക്ഷകന് പ്രൊഫ. പാര്‍ത്ഥ പ്രതിം ബിശ്വാസ് ചോദിക്കുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും അധികാരം പിടിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 294 അംഗ സഭയില്‍ 200 സീറ്റ് പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റു നേടിയാണ് ബിജെപി ഭരണകക്ഷിയായ തൃണമൂലിന് വെല്ലുവിളി ഉയര്‍ത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ മണ്ഡലങ്ങൡലാണ് ഇപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ ഉള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആറിടത്തു മാത്രമായിരുന്നു. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഈയിടെ തൃണമൂലില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
Leave a Reply