ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ പ്രതിരോധകുത്തിവയ്പ് നൽകാൻ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിന് അന്തിമാനുമതി ലഭിച്ചു. കോവിഡ്-19 കേസുകൾ കുതിച്ചു കയറുന്നതിന് തടയിടാൻ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. 100 ദശലക്ഷം ഡോസുകൾക്കാണ് യുകെ ഓർഡർ നൽകിയിരിക്കുന്നത്. ഇത് 50 ദശലക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ഉപകരിക്കും. ഫൈസറിൻെറ വാക്‌സിനും കൂടി മുഴുവൻ ലഭ്യമാകുമ്പോൾ യുകെയിലെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാൻ ഇത് മതിയാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

യുകെയിലെ ഭൂരിഭാഗം ജനങ്ങളും കർശന നിയന്ത്രണങ്ങളുള്ള ടയർ -4 നിയന്ത്രണങ്ങളുടെ പരിധിയിലാണ്. വാക്‌സിനേഷൻ സെന്ററുകൾ അടുത്ത ആഴ്ച മുതൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ജനങ്ങൾക്ക് അറിയിപ്പ് കൊടുത്തു തുടങ്ങും. 50 വയസ്സ് മുകളിലുള്ളവർക്കും ചെറുപ്പക്കാർക്കും ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതോടുകൂടി ഏകദേശം 25 ദശലക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിയും എന്നതാണ് ഏകദേശ കണക്ക്.

ഓക്സ്ഫോർഡ് വാക്‌സിൻ സംഭരിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ് എന്നത് പ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകൾക്ക് നൽകാൻ കഴിയുമെന്നാണ് ആരോഗ്യ പ്രവർത്തകർ കരുതുന്നത്. കാരണം സാധാരണ ഫ്രിഡ്ജിൻെറ താപനിലയിൽ ഓക്സ്ഫോർഡ് വാക്സിൻ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഫൈസറിൻെറ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണം ആവശ്യമാണ്. അതിലുപരി ഓക്സ്ഫോർഡ് വാക്സിൻ നിർമ്മിക്കപ്പെടുന്നത് യുകെയിൽ തന്നെയാണെന്നത് വാക്‌സിൻെറ ലഭ്യത കൂടുതൽ എളുപ്പമാക്കാൻ സഹായകരമാണ്. എന്നാൽ ഫൈസറിൻെറ വാക്‌സിൻ ബെൽജിയത്തിൽ നിന്നാണ് യുകെയിൽ എത്തിച്ചേരുന്നത്.