ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു യുകെ മലയാളി കൂടി മരണത്തിന് കീഴടങ്ങി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിച്ചിരുന്ന കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നാഴ്ച മുമ്പ് മാത്രമാണ് മരിയ ജോണിൻെറ ഭർത്താവ് ജോൺ വർഗീസ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഹോസ്പിറ്റലിലായിരുന്ന മരിയ ശ്വാസതടസത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ച മരിയ ജോൺ മരണത്തിന് കീഴടങ്ങി. അങ്ങനെ ജീവിതത്തിൽ എന്നപോലെ മരണത്തിലും ഒന്നായി ജോൺ മരിയ ദമ്പതികൾ. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ഇണയും തുണയും എന്നതിൻറെ ആൾ രൂപങ്ങളായിരുന്നു യുകെ മലയാളികളുടെ പ്രിയപ്പെട്ട ജോണങ്കിളും മേരി ആന്റിയും. ജോൺ അങ്കിളിനെയും മേരിയാൻ്റിയെയും ഒരുമിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ഹെയർഫീൽഡ് ദേവാലയത്തിലെ മുൻ വികാരി സെബാസ്റ്റ്യൻ ചാമക്കാല അച്ചൻെറ സാക്ഷ്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. പള്ളിയിലെ ശുശ്രൂഷാപരമായ കാര്യങ്ങളിൽ മേരി ആൻറി ചടുലമായി ഇടപെടുമ്പോൾ പ്രാർത്ഥനയുടെ പിന്തുണയുമായി ജോൺ അങ്കിൾ കൂടെയുണ്ടാവും. സ്നേഹത്തിലും പങ്കുവെയ്ക്കലിലും മാതൃകയായ ദമ്പതികളെയാണ് ചെറിയ ഒരു ഇടവേളയിൽ യുകെ മലയാളികൾക്ക് നഷ്ടമായത്.
മേരി ആന്റിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply