കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലം ചൂണ്ടികാട്ടിയാണ് ധനമന്ത്രി അത്തരമൊരു വിശേഷണം ബജറ്റിന് നൽകിയത്. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്.
അസ്വസ്ഥമായ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ‘ആത്മനിർഭർ ഭാരതി’ന്റെ ഭാഗമായുള്ള നടപടികൾക്ക് ഊന്നൽ ലഭിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം.
സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാദ്ധ്യതയുണ്ട്. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കൽ മുൻനിർത്തിയുള്ള ധനസമാഹരണത്തിനും നിർമല സീതാരാമൻ കാര്യമായ പരിഗണന നൽകും.
സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Leave a Reply