ഇപ്‌സ് വിച്ച്: യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരു ഒരു വർഷമായിരുന്നു 2020… കൊറോണയെന്ന ഭീകരനാണ് ഇതിലെ കേന്ദ്രബിന്ദു… 2020 മാർച്ചിലാണ്‌ ആദ്യമായി യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്… രോഗം എന്തെന്നും എങ്ങനെയെന്നും ഒരു പിടിയും ഇല്ലാത്ത നാളുകളുടെ തുടക്കമായിരുന്നു..

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ആയിരുന്നതിനാൽ ഓരോ മലയാളി കുടുംബങ്ങളിലും ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളുടെ തുടക്കമായിരുന്നു. കോവിഡിന്റെ രൂപമാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനത്തിൽ ഇതിനകം ഒരുപിടി മലയാളികൾ മരിച്ചു പോയി എന്ന വേദനയോടെ സ്‌മരിക്കുമ്പോഴും മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് കടന്നു കയറിയ ഒരു സന്തോഷകരമായ യുകെ മലയാളി നഴ്‌സിന്റെ അനുഭവമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായ വിവരം ഇതുവരെയും ലഭ്യമല്ലാത്തതിനാൽ ഇതുപോലെയുള്ള അനുഭവം പറയുക വഴി മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ചു കൂടുതൽ  അറിയുവാനും ജീവൻ രക്ഷിക്കുവാനും സാധിക്കുമല്ലോ എന്നാണ് മാർട്ടിൻ മലയാളം യുകെയോട് പറഞ്ഞത്.

അങ്കമാലി സ്വദേശിയും നഴ്സുമായിരുന്ന മാർട്ടിൻ പൊറിഞ്ചു… നഴ്‌സായ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം… 2009- ൽ സ്റ്റുഡന്റ് വിസയുമായി യുകെയിലെ സ‌ഫോൾക് കൗണ്ടിയിലെ ഫ്രാമലിഗം എന്ന സ്ഥലത്താണ് എത്തിയത്. 2014- പെർ മനൻറ് റസിഡൻസി വിസ ലഭിച്ചതോടെ ഇപ്‌സ് വിച്ചിലേക്ക് താമസം മാറുകയും NHS ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. ബാൻഡ് ഫോർ ആയി ജോലി ചെയ്യുന്ന മാർട്ടിൻ നഴ്‌സാകുവാനുള്ള ഓ ഇ ടി ചെയ്തുകൊണ്ടിരിക്കുന്നു. അതെ ആശുപത്രിയിലെ ബാൻഡ് 6 നഴ്‌സാണ് ഭാര്യ.

ഭാര്യക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ കൊറോണ പിടിപെട്ടെങ്കിലും വീട്ടിലെ മറ്റാർക്കും വന്നിരുന്നില്ല. ജീവിതം സാധാരണപോലെ  പോകവെയാണ് 2020 നവംബർ 30 തിയതി ചെറിയ ഒരു പനിപോലെ മാർട്ടിന് തോന്നിയത്. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനാലും സംശയം തീർക്കാം എന്ന നിലക്കാണ് ഹോം കിറ്റ് ഉപയോഗിച്ച് കൊറോണ ടെസ്റ്റ് വീട്ടിൽ നടത്തിയത്. ഫലം നോക്കിയപ്പോൾ പോസിറ്റിവ്… തുടർന്ന് പി സി ആർ ടെസ്റ്റ്… അതോടെ കൊറോണയെന്ന് ഉറപ്പായി.. തുടർന്ന്  ക്വാററ്റീൻ…

വലിയ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ആറു ദിവസത്തോളം കടന്നു പോയി.. ചെറിയ പനി തോന്നിയപ്പോൾ പാരസെറ്റമോൾ കഴിച്ചു.. പെട്ടെന്നു തന്നെ പനിയും കുറയും.. ചെറിയ ചുമ മാത്രം… എന്നാൽ ക്ഷീണം വർദ്ധിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.. സാധാരണപോലെ സംസാരിക്കുകയും ചെയ്‌തുപോന്നു. പറയത്തക്ക മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു.

എന്നാൽ ഡിസംബർ ഏഴാം തിയതി സംഭവിച്ചത് ഭാര്യ പ്രതീക്ഷിക്കാത്ത അസാധാരണമായ ഒരു സംഭവത്തിനാണ്… മാർട്ടിനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് മാർട്ടിൻ പറയുന്ന മറുപടിക്ക് ചോദ്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല… എല്ലാ ചോദ്യങ്ങൾക്കും വരുന്ന മറുപടിക്ക് മുന്നിൽ അൽപം ഒന്ന് പകച്ചുപോയെങ്കിലും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു.

അപകടം മനസിലാക്കിയ അഞ്ജു പെട്ടെന്ന് തന്നെ എമർജൻസി നമ്പർ  999 വിളിച്ചു… കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി… ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന അത്യാഹിത വിഭാഗത്തിന്റെ   ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി കൊടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്വാസതടസ്സം ഇല്ല എന്ന് മറുപടി കൊടുത്തതുകൊണ്ട് മിനിട്ടുകൾക്ക് ഉള്ളിൽ എത്തേണ്ട ആംബുലൻസ് രണ്ടര മണിക്കൂർ വൈകിയാണ് എത്തുന്നത്. എന്തായാലും മുകളിലെ മുറിയിൽ കിടക്കുകയായിരുന്ന മാർട്ടിൻ തന്നെ താഴെ ഇറങ്ങിവന്നു. പാരാമെഡിക്‌സ് മാർട്ടിനെ പരിശോധിക്കവേ അവിശ്വസനീയമായി പരസ്‌പരം നോക്കുന്ന കാഴ്ച്ച.. മാർട്ടിന്റെ സാച്ചുറേഷൻ 62 ലേക്ക് താഴ്ന്നിരിക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മാർട്ടിന്റെ സംസാരത്തെ ബാധിച്ചത്… പെട്ടെന്ന് തന്നെ മാർട്ടിനെ ആംബുലൻസിലേക്ക് കയറ്റി… എല്ലാവരെയും അത്ഭുതപ്പെടുത്തി മാർട്ടിൻ നടന്ന് ആംബുലൻസിൽ കയറുകയായിരുന്നു..

ഓക്സിജൻ സ്വീകരിക്കുമ്പോഴും മാർട്ടിന്റെ സാച്ചുറേഷൻ ലെവൽ താഴുകയായിരുന്നു. മാർട്ടിൻ അതെ ആശുപത്രിയിലെ തന്നെ ആരോഗ്യപ്രവർത്തകൻ ആണ് എന്ന് ഇതിനകം പാരാമെഡിക്‌സ് വിഭാഗം മനസിലാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് എന്ന ഫോൺ ഭാര്യയുടെ ഫോണിൽ എത്തി.

കാര്യങ്ങൾ പിടിവിട്ടു പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞ ഭാര്യ.. കൂട്ടുകാരും സുഹൃത്തുക്കളും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചു.. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു.. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ സാധിക്കാത്ത രണ്ട് കുഞ്ഞു കുട്ടികൾ.. പ്രതീക്ഷകളുടെ തിരിനാളങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തുന്ന  വിവരങ്ങൾ ആണ് ആശുപത്രിയിൽ നിന്നും ആദ്യ ആഴ്ചകളിൽ വന്നിരുന്നത്. കൂനിൻമേൽ കുരു എന്നപോലെ ടെസ്റ്റിൽ ഷുഗർ ഉണ്ട് എന്ന കണ്ടെത്തലും…

ഇവിടെ എല്ലാവരെയും വിഷമിപ്പിച്ചത്… നടന്നു ആംബുലൻസിലേക്ക് കയറിയ യുവാവാണ്.. കൊറോണ ആർക്കും പിടി കൊടുക്കുന്നില്ല…

പ്രതീക്ഷകൾക്ക് വെളിച്ചം പകർന്ന് വാർത്ത വന്നത് രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തോടെയാണ് ആണ്… മാർട്ടിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയാണ്..ആശുപത്രിയിൽ തുടർ ചികിത്സ .. 29 ദിവസത്തെ ആശുപത്രി വാസത്തിനു അറുതിവരുത്തി ഡിസംബർ 29 തിയതി ഡിസ്ചാർജ് ചെയ്‌ത്‌ വീട്ടിൽ എത്തിയപ്പോൾ ഒരു കുടുംബത്തിന്റെ വേദനകൾക്ക് ഒപ്പം കൂട്ടുകാരുടെയും ബന്ധുക്കളുടെയും സങ്കടങ്ങൾക്ക് ആണ് അറുതിയായത്..

വകഭേദം വന്ന കൊറോണ വൈറസുകൾ പെരുകുന്ന ഈ സമയത്തു ഒരുപിടി മലയാളികൾ ചികിത്സയിൽ ഉണ്ട്… നിയന്ത്രണ വിധേയമെങ്കിലും ലോക്ക് ഡൗൺ തുടരുകയാണ് യുകെയിൽ… ഈ സംഭവം നിങ്ങളുമായി പങ്കുവെച്ചത് നമ്മളിൽ പലർക്കും ഉപകരിക്കും എന്നുള്ളതുകൊണ്ടാണ്..

അഭ്യർത്ഥന… മാർട്ടിൻ ഇപ്പോൾ വിശ്രമത്തിൽ ആണ് ഉള്ളത്… ദയവായി ഫോൺ വിളിച്ചു അവരെ ബുദ്ധിമുട്ടിക്കരുത്… നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും മെസ്സേജുകൾ ആയി വിടുക… കൊറോണ വൈറസ് പിടിപെട്ടാൽ അല്ലെങ്കിൽ പിടിപെട്ടവർക്ക് ഉപാകാരപ്പെടും എന്നുള്ളതുകൊണ്ടാണ് മാർട്ടിൻ മലയാളം യുകെയുമായി പങ്കുവെച്ചത്.