ഹൈദരാബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. മേഡ്ചാൽ മൽജാഗിരി ജില്ലയിലാണ് 19 കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.
ഹൈദരാബാദിനോട് ചേർന്നുള്ള മേഡ് ചാൽ മാൽജാഗിരി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19കാരി വൈകീട്ട് ആറു മണിയോടെ ഓട്ടോയില്‍ കയറി. ഒരു സ്ത്രീയും കുട്ടിയും ഒാട്ടോയിലുണ്ടായിരുന്നു. അടുത്ത സ്ഥലത്ത് ഇവര്‍ ഇറങ്ങിയതോടെ ആക്രമി സംഘത്തിലെ രണ്ടുപേര്‍ ഒാട്ടോയില്‍ കയറി. കുറച്ച് മാറി ഒാട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു വാഹനത്തിലേക്ക് വലിച്ചുകയറ്റി. വാഹനത്തില്‍വച്ച് പെണ്‍കുട്ടി വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചതാണ് തുണയായത്.
വീട്ടുകാര്‍ നല്കിയ വിവരവും, പെണ്‍കുട്ടിയുടെ മൊബൈല്‍ സിഗ്നലും പിന്തുടര്ന്നെത്തിയ പൊലീസ് ഒടുവില്‍ വാഹനം കണ്ടെത്തി. അപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ആക്രമിസംഘം പെണ്‍കുട്ടിയെ എത്തിച്ച് ആക്രമണം തുടങ്ങിയിരുന്നു. പൊലീസിനെ കണ്ട സംഘം മരക്കഷ്ണം കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ അടിച്ചുവീഴ്ത്തിയശേഷം ഒാടി രക്ഷപ്പെട്ടു. കാലുകള്‍ക്കും തലയിലും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ചികില്‍സയിലാണ്. പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ടു പ്രതികള്‍ പിടിയിലായി.
Leave a Reply