അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

21 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി അറ്റ് ലാൻറിക് സമുദ്രത്തിൻറെ കുറുകെ ഒറ്റയ്ക്ക് തുഴഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രത്തിൽ ഇടം നേടി. നോർത്ത് യോർക്ക്‌ഷെയറിലെ തിർസ്‌കിൽ നിന്നുള്ള ജാസ്മിൻ ഹാരിസാണ് അതുല്യമായ നേട്ടത്തിന് ഉടമയായത്. 70 ദിവസവും 3 മണിക്കൂർ 48 മിനിറ്റ് കൊണ്ടാണ് താലിസ്‌കർ വിസ്കി അറ്റ് ലാന്റിക് ചലഞ്ചിൻെറ ഭാഗമായി 3000 മൈൽ ദൂരം ജാസ്മിൻ താണ്ടിയത്. കാനറി ദ്വീപുകളിൽ നിന്ന് ആന്റിഗ്വയിലേയ്ക്ക് ആയിരുന്നു സഞ്ചാരപഥം.

ലോകത്തിലെ ഏത് സമുദ്രവും ഒറ്റയ്ക്ക് തുഴയുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടവും ഇതിലൂടെ ജാസ്മിൻ കരസ്ഥമാക്കി . ഇതുപോലുള്ള വെല്ലുവിളികൾ ഇനിയും ഏറ്റെടുക്കുമെന്ന് ജാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 12 ന് ആരംഭിച്ച ദൗത്യത്തിൽ ആകെ 21 ടീമുകളാണ് ഉണ്ടായിരുന്നത്. 2010 ജനുവരി മൂന്നിനും മാർച്ച് 14 നും ഇടയിൽ അറ്റ് ലാൻറിക് സമുദ്രം കീഴടക്കിയ അമേരിക്കക്കാരിയായ 22 വയസ്സുകാരി കാറ്റി സ്പോട്ട്സിൻെറ റെക്കോർഡാണ് ജാസ്മിൻ മറികടന്നത്.