വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാംജയം. ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഏഴ് പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. 81 റണ്‍സെടുത്ത റോബിനും 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. സഞ്ജു സാംസന്‍ 29 റണ്‍സെടുത്തു. ആദ്യംബാറ്റുചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത എസ്.ശ്രീശാന്തിന്റെ പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സ്കോര്‍ 300ന് താഴെ പിടിച്ചുകെട്ടിയത്. 9.4 ഓവറില്‍ 65റണ്‍സ് വിട്ടുകൊടുത്താണ് അഞ്ചുവിക്കറ്റെടുത്തത്.

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ തകർപ്പൻ ബോളിങ്ങിലൂടെയാണ് കേരളം, ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43 ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.